കഴിഞ്ഞ വര്‍ഷം വിദര്‍ഭയെ വീഴ്ത്തിയാണ് മുംബൈ രഞ്ജി ചാമ്പ്യൻമാരായത്. ആ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സെമിയിലെ വിദര്‍ഭയുടെ ജയം.

നാഗ്പൂര്‍: രഞ്ജി ട്രോഫി സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ 80 റണ്‍സിന് വീഴ്ത്തി വിദര്‍ഭ ഫൈനലിലെത്തി. 406 റണ്‍സ് വിജയലക്ഷ്യവുമായി അവസാനദിനം ക്രീസിലിറങ്ങിയ മുംബൈ 325 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറാണ് മുംബൈയുടെ ടോപ് സ്കോറര്‍. മുന്‍നിര ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ വാലറ്റക്കാരുടെ മികവിലാണ് മുംബൈ പൊരുതി നോക്കിയത്. കഴിഞ്ഞ വര്‍ഷം വിദര്‍ഭയെ വീഴ്ത്തിയാണ് മുംബൈ രഞ്ജി ചാമ്പ്യൻമാരായത്. ആ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സെമിയിലെ വിദര്‍ഭയുടെ ജയം.സ്കോര്‍ വിദര്‍ഭ 383, 292, മുംബൈ 270, 325.

83-3 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ മുംബൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 12 റണ്‍സെടുത്ത ശിവം ദുബെയെ നഷ്ടമായതോടെ മുംബൈയുടെ വിജയപ്രതീക്ഷ മങ്ങി. സൂര്യകുമാര്‍ യാദവും ഓപ്പണറായി ഇറങ്ങിയ ആകാശ് ആനന്ദും ചേര്‍ന്ന് മുംബൈയെ 100 കടത്തിയെങ്കിലും 20 പന്തില്‍ 23 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി വലിയ സ്കോര്‍ നേടാനാവാതെ മടങ്ങി. പിന്നാലെ ആകാശ് ആനന്ദ്(39) കൂടി വീണതോടെ മുംബൈ124-6ലേക്ക് കൂപ്പുകുത്തിയെങ്കിലും ഏഴാം വിക്കറ്റില്‍ സെഞ്ചുറി(103) കൂട്ടുകെട്ടുയര്‍ത്തിയ ഷംസ് മുലാനി(46) ഷാര്‍ദ്ദുല്‍ താക്കൂര്‍(66) സഖ്യം മുംബൈക്ക് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് മുംബൈയെ 227 റണ്‍സിലെത്തിച്ചെങ്കിലും ഷംസ് മുലാനി അപ്രതീക്ഷിതമായി റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി.

ചരിത്രനേട്ടം; കേരളം രഞ്ജി ട്രോഫി ഫൈനലിൽ; നിർണായകമായത് ഗുജറാത്തിനെതിരെ നേടിയ 2 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

ടീം സ്കോര്‍ 250 കടന്നതിന് പിന്നാലെ ഷാര്‍ദ്ദുലും വീണു. തനുഷ് കൊടിയാന്‍(26), മോഹിത് അവാസ്തി(34), റോയ്സ്റ്റന്‍ ഡയസ്(23*) എന്നിവരുടെ ചെറുത്തുനില്‍പ്പിന് വിദര്‍ഭയുടെയ ജയം വൈകിപ്പിക്കാനായെങ്കിലും മുംബൈയുടെ അനിവാര്യമായ തോല്‍വി തടയാനായില്ല. അവസാ വിക്കറ്റില്‍ മോഹിത് അവാസ്തിയും റോയ്സ്റ്റണ്‍ ഡയസും ചേര്‍ന്ന് അര്‍ധെസഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഭിഷണി ഉയര്‍ത്തിയെങ്കിലും അവാസ്തിയെ മടക്കിയ ഹര്‍ഷ് ദുബെ അഞ്ച് വിക്കറ്റ് തികച്ച് വിദര്‍ഭക്കായി തിളങ്ങി. യാഷ് താക്കൂറും പാര്‍ത്ഥ് രേഖഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 42വട്ടം ചാമ്പ്യൻമാരായ മുംബൈക്കായി ഇത്തവണ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമര്‍ യാദവും ശിവം ദുബെയും അജിങ്ക്യാ രഹാനെയുമെല്ലാം കളിച്ചിട്ടും ബാറ്റിംഗ് നിരയുടെ പരാജയം നിലവിലെ ചാമ്പ്യൻമാര്‍ക്ക് ഫൈനലിലെത്തുന്നതില്‍ തടസമായി. 26ന് നടക്കുന്ന ഫൈനലില്‍ കേരളമാണ് വിദര്‍ഭയുടെ എതിരാളികള്‍. അക്ഷയ് വാഡ്കര്‍ നയിക്കുന്ന വിദര്‍ഭ ടീമില്‍ മലയാളി താരം കരുണ്‍ നായരും കളിക്കുന്നുണ്ട്.