രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ രണ്ടാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും, വിദര്‍ഭയെ എറിഞ്ഞിടാമെന്ന പ്രതീക്ഷയില്‍ കേരളം
നാഗ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം. കേരളത്തിനെതിരെ നാല് വിക്കറ്റിന് 254 റൺസുമായി വിദർഭ ബാറ്റിംഗ് പുനരാരംഭിക്കും. 259 പന്തില്‍ 138 റൺസുമായി ഡാനിഷ് മലേവാറും 13 ബോളുകളില്‍ അഞ്ച് റൺസുമായി നൈറ്റ് വാച്ച്മാൻ യഷ് താക്കൂറുമാണ് ക്രീസിൽ. ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ നേടുക എന്നതാവും വിദർഭയുടെ ലക്ഷ്യം. ഇതേസമയം ആദ്യസെഷനിൽ തന്നെ പരമാവധി വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ കുറഞ്ഞ സ്കോറിൽ പുറത്താക്കാനാവും കേരളത്തിന്‍റെ ശ്രമം. ആദ്യ മണിക്കൂറുകളിൽ കേരള പേസർമാരുടെ പ്രകടനം നിർണായകമാവും.
ഇന്നലെ 24 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ വിദർഭയെ ഡാനിഷ് മലേവർ, കരുൺ നായർ കൂട്ടുകെട്ടാണ് രക്ഷിച്ചത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 215 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് ചേര്‍ത്തത് ഒരുവേള കേരളത്തെ പ്രതിസന്ധിയിലാക്കി. അവസാന സെഷനിൽ കരുൺ നായർ റണ്ണൗട്ടായത് കേരളത്തിന് ആശ്വാസമായി. കേരളത്തിനെതിരെ സെഞ്ചുറി നേടിയ ഡാനിഷ് മലേവാറിന് 21 വയസ് മാത്രമാണ് പ്രായം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയെ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ കേരളം വിറപ്പിച്ചിരുന്നു. ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ (രണ്ട് പന്തില്‍ 0) എം ഡി നിധീഷ് എല്‍ബിയില്‍ കുടുക്കി. പിന്നാലെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയെയും പറഞ്ഞയച്ച് നിധീഷ് വിദര്‍ഭക്ക് ഇരട്ട പ്രഹരം നല്‍കി. എന്‍ പി ബേസിലിനായിരുന്നു ക്യാച്ച്. 21 പന്ത് ക്രീസില്‍ ചിലവഴിച്ചിട്ടും ദര്‍ശന് ഒരു റണ്ണേ നേടാനായുള്ളൂ. പിടിച്ചുനിൽക്കാന്‍ ശ്രമിച്ച സഹ ഓപ്പണര്‍ ധ്രുവ് ഷോറെയെ, ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. ഇന്നിംഗ്‌സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. 35 ബോളുകള്‍ ക്രീസില്‍ നിന്ന ധ്രുവ് 16 റണ്‍സേ പേരിലാക്കിയുള്ളൂ. ഇതോടെ വിദര്‍ഭ 12.5 ഓവറില്‍ 24-3 എന്ന നിലയില്‍ പ്രതിരോധത്തിലാവുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷമുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് വിദര്‍ഭയെ കരകയറ്റുകയായിരുന്നു.
