അഹമ്മദാബാദില്‍ സൗരാഷ്ട്രക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്യാപ്റ്റന്‍ പൃഥ്വി ഷാ(1) തുടക്കത്തിലെ മടങ്ങിയപ്പോള്‍ ഓപ്പണര്‍ അകാര്‍ഷിത് ഗോമല്‍(8), സച്ചിന്‍ യാദവ്(19) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി

ആഹമ്മദാബാദ്: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫി(Ranji Trophy) ക്രിക്കറ്റിന് വീണ്ടും തുടക്കമായപ്പോള്‍ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരിലായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ(Sourav Ganguly) നിര്‍ദേശപ്രകാരം ഫോം തിരിച്ചു പിടിക്കാന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ അജിങ്ക്യാ രഹാനെയിലും(Ajinkya Rahane) ചേതേശ്വര്‍ പൂജാരയിലും(Cheteshwar Pujara). മുംബൈയും സൗരാഷ്ട്രയും(Saurashtra vs Mumbai) പരസ്പരം ഏറ്റമുട്ടിയപ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായുള്ള ഇരു താരങ്ങളുടെയും നേര്‍ക്കു നേര്‍ പോരാട്ടം കൂടിയായി അത് മാറി.

അഹമ്മദാബാദില്‍ സൗരാഷ്ട്രക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്യാപ്റ്റന്‍ പൃഥ്വി ഷാ(1) തുടക്കത്തിലെ മടങ്ങിയപ്പോള്‍ ഓപ്പണര്‍ അകാര്‍ഷിത് ഗോമല്‍(8), സച്ചിന്‍ യാദവ്(19) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. 44-3 എന്ന സ്കോറില്‍ കൂട്ടത്തകര്‍ച്ചയിലായ മുംബൈ പക്ഷെ ആദ്യ ദിനം അവസാനിപ്പിച്ചത് 263-3 എന്ന ശക്തമായ സ്കോറിലാണ്.

നാലാമനായി ക്രീസിലെത്തിയ അജിങ്ക്യാ രഹാനെയും അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ സര്‍ഫ്രാസ് ഖാനും സെഞ്ചുറി നേടിയതാണ് മുംബൈക്ക് കരുത്തായത്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 220 റണ്‍സടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നമായ രഹാനെക്ക് ആശ്വാസം പകരുന്നതാണ് രഞ്ജിയിലെ പ്രകടനം.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ കടുത്ത സമ്മര്‍ദ്ദത്തില്‍ ബാറ്റുവീശിയ മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തന്‍റെ ക്ലാസ് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ രഹാനെ ഏറെക്കുറെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.

ഇനി പൂജാരയുടെ ഊഴം

രഹാനെ സെഞ്ചുറിയുമായി തിളങ്ങിയതോടെ ചേതേശ്വര്‍ പൂജാരയും കടുത്ത സമ്മര്‍ദ്ദത്തിലാവും. മോശം ഫോമിന്‍റെ പേരില്‍ രഹാനെയെപ്പോലെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയിയിലായിരുന്നു പൂജാരയും. മുംബൈക്കെതിരെ നിരാശപ്പെടുത്തിയാല്‍ ഒരുപക്ഷെ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ പൂജാരക്ക് പുറത്തിരിക്കേണ്ടിവന്നേക്കാം. ഐപിഎല്‍ താരലേലത്തില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തെങ്കിലും ഇത്തവണ പൂജാരയെ ആരും ടീമിലെടുത്തിരുന്നില്ല. അതേസമയം, രഹാനെയെ ഒരു കോടി രൂപ അടിസ്ഥാന വിലക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തിരുന്നു.