തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരെ കേരളം ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ആദ്യ ദിനം റോബിന്‍ ഉത്തപ്പയുടെ സെഞ്ചുറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തു. 36 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്രീസിലുണ്ട്.

ഉത്തപ്പയുടെ സെഞ്ചുറിക്ക് പുറമെ ഓപ്പണര്‍ പി രാഹുലിന്റെ അര്‍ധസെഞ്ചുറിയും കേരളത്തിന് കരുത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ ജലജ് സക്സേനക്കൊപ്പം(32) 68 റണ്‍സടിച്ച രാഹുല്‍ രണ്ടാം വിക്കറ്റില്‍ ഉത്തപ്പക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. 174 പന്തില്‍ 97 റണ്‍സടിച്ച രാഹുല്‍ സെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ പുറത്തായി.

വികാസ് മിശ്ര രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുകുക്കയായിരുന്നു. രാഹുല്‍ പുറത്തായശേഷമെത്തിയ സച്ചിന്‍ ബേബി ഉത്തപ്പയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 90 റണ്‍സടിച്ചു. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഉത്തപ്പ(102) പുറത്തായി. 221 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയാണ് ഉത്തപ്പ 102 റണ്‍സടിച്ചത്.