ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡ് ഒന്നാംദിനം 23.4 ഓവറില്‍ വെറും 72 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു
ഷില്ലോംഗ്: രഞ്ജി ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെ വെറും രണ്ട് ദിവസം കൊണ്ട് ഇന്നിംഗ്‌സ് ജയവുമായി മേഘാലയ. ഇന്നിംഗ്സിനും 128 റണ്‍സിനുമാണ് മേഘാലയ വിജയിച്ചത്. ഷില്ലോംഗിലെ മേഘാലയ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മേഘാലയ 304 റണ്‍സെടുത്തപ്പോള്‍ നാഗാലാന്‍ഡ് 72, 104 എന്നീ സ്കോറുകളില്‍ ഓള്‍ഔട്ടാവുകയായിരുന്നു. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റുമായി ആകാശ് ചൗധരിയും രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റുമായി റാം ഗുരങും മേഘാലയക്കായി തിളങ്ങി.
കളി രണ്ടേ രണ്ട് ദിനം
ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡ് ഒന്നാം ദിനം 23.4 ഓവറില്‍ വെറും 72 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. രണ്ട് താരങ്ങള്‍ മാത്രം രണ്ടക്കം കണ്ടപ്പോള്‍ പത്താമനായിറങ്ങി 19 റണ്‍സെടുത്ത നാഗാഹോയായിരുന്നു നാഗാലാന്‍ഡിന്‍റെ ടോപ് സ്കോറര്‍. 12 എടുത്ത ജഗനാഥ് സിനിവാസായിരുന്നു പത്ത് റണ്‍സ് കടന്ന മറ്റൊരു താരം. 40 റണ്‍സിന് 7 വിക്കറ്റുമായി ആകാശ് ചൗധരിയാണ് നാഗാലാന്‍ഡിനെ എറിഞ്ഞുകുടുക്കിയത്. മറുപടി ബാറ്റിംഗില്‍ 196-7 എന്ന നിലയില്‍ മേഘാലയ ആദ്യ ദിനം അവസാനിപ്പിച്ചു.
രണ്ടാം ദിനം മേഘാലയ 88.3 ഓവറില്‍ 304 റണ്‍സില്‍ എല്ലാവരും പുറത്തായി. ജസ്കിരത് സിംഗ് (75), ശ്വരജീത്ത് ജാസ് (63), കിഷന്‍ ലൈന്‍ഗ്ദോ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 232 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ നാഗാലാന്‍ഡിന് 34.5 ഓവറില്‍ 104 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. നാഗാലാന്‍ഡ് ബാറ്റര്‍മാരിലാരും ഇരുപതിനപ്പുറം കടക്കാതിരുന്നപ്പോള്‍ ആറ് വിക്കറ്റുമായി റാം ഗുരങും മൂന്ന് പേരെ മടക്കി ആകാശ് ചൗധരിയും മേഘാലയക്കായി തിളങ്ങി. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ചൗധരി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Read more: ഒന്നല്ല ക്യാച്ച് അഞ്ചെണ്ണം; മുംബൈയെ പൂട്ടിയത് സഞ്ജു സാംസണ്‍; അതിലൊന്ന് സ്പെഷ്യല്‍! കോച്ചിന്‍റെ പ്രശംസ ഫലിച്ചു
