നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന പുതുച്ചേരിക്ക് തുടക്കത്തിലെ അരുണ്‍ കാര്‍ത്തിക്കിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീടെത്തിയ ആകാശ് കര്‍ഗാവെ മികച്ച പിന്തുണ നല്‍കിയതോടെ പുതുച്ചേരി സുരക്ഷിതമായ നിലയിലെത്തുകയായിരുന്നു.

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ പുതുച്ചേരി ഒന്നാം ഇന്നിംഗ്സില്‍ 371 റണ്‍സിന് പുറത്ത്. പി കെ ദോഗ്രയുടെ സെഞ്ചുറി കരുത്തിലാണ് പുതുച്ചേരി മികച്ച സ്കോറിലെത്തിയത്. ദോഗ്ര 159 റണ്‍സെടുത്തപ്പോള്‍ അരുണ്‍ കാര്‍ത്തിക്ക്(85), ആകാശ് കര്‍ഗാവെ(48) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി.

നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന പുതുച്ചേരിക്ക് തുടക്കത്തിലെ അരുണ്‍ കാര്‍ത്തിക്കിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീടെത്തിയ ആകാശ് കര്‍ഗാവെ മികച്ച പിന്തുണ നല്‍കിയതോടെ പുതുച്ചേരി സുരക്ഷിതമായ നിലയിലെത്തുകയായിരുന്നു. രണ്ടാം ദിനം തുടക്കത്തിലെ 85 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ദോഗ്രക്ക് ഒപ്പം ഒത്തുചേര്‍ന്ന കര്‍ഗാവെ 74 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി പുതച്ചേരിയെ 350 കടത്തി. അര്‍ധസെഞ്ചുറിക്ക് അരികെ കര്‍ഗാവെയെ(48) വീഴ്ത്തി സിജോമോന്‍ ജോസഫാണ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഞാന്‍ കോലിയെക്കാള്‍ കേമനായിരുന്നു എന്നിട്ടും എന്നെ തഴഞ്ഞു, വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

വാലറ്റക്കാരായ അങ്കിത് ശര്‍മ(2), കൃഷ്ണ(0), അബിന്‍ മാത്യു(2) എന്നിവരെ എളുപ്പം മടക്കി ജലജ് സക്സേന പുതുച്ചേരിയുടെ തകര്‍ച്ചക്ക് വേഗം കൂട്ടി. പിന്നാലെ സെഞ്ചുറിയുമായി പൊരുതിനിന്ന ദോഗ്ര കൂടി ജലജ് സക്സേനക്ക് മുമ്പില്‍ മുട്ടു മടക്കിയതോടെ പുതുച്ചേരി ഇന്നിംഗ്സ് അവസാനിച്ചു. കേരളത്തിനായി ജലജ് സക്സേന 75 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പിയും സിജോമോന്‍ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ദിനം തുടക്കത്തില്‍ 19-3ലേക്ക് വീണശേഷമാണ് പുതുച്ചേരി തിരിച്ചുവരവ് നടത്തിയത്.

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.