പുനെ: കഴിഞ്ഞ ദിവസാണ് ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി സംസാരിച്ചത്. ഐപിഎല്ലില്‍ ഫോമിലായാല്‍ ധോണിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുമെന്ന് ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിനത്തില്‍ നിന്ന് ധോണി ഉടന്‍ വിരമിക്കുമെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍, ധോണിയെ ഒരിക്കല്‍കൂടി പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ശാസ്ത്രി. 

ധോണിയുടെ കായിക ക്ഷമതയെ കുറിച്ചാണ് ശാസ്ത്രി പറഞ്ഞത്. അദ്ദേഹം തുടര്‍ന്നു... ''കായിക ക്ഷമതയുടെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതിഹാസതാരം കപില്‍ദേവിനെ പോലെയാണ്. നന്നായി കളിക്കുമ്പോള്‍ തന്നെ കപിലിനെ പരിക്കൊന്നും അലട്ടിയിയിരുന്നില്ല. അതുപോലെ തന്നെയാണ് ധോണിയും. ധോണിക്ക് പരിക്ക് കാരണം അധികം മത്സരങ്ങള്‍ നഷ്ടമായിട്ടില്ല. 

കായികക്ഷമതയാണ് ധോണിയുടെ ഏറ്റവും വലിയ കരുത്ത്. ഇക്കാര്യത്തിലുള്ള മികവ് കരിയറിലുടനീളം ധോണിക്ക് സഹായകമായിട്ടുണ്ട്. പരിക്കിന്റെ പേരില്‍ ധോണിക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിട്ടില്ല.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.