സഞ്ജു തന്‍റെ കഴിവ് തിരിച്ചറിഞ്ഞില്ലെങ്കിലും മനോഹരമായി കരിയർ പടുത്തുയർത്തിയില്ലെങ്കിലും താന്‍ നിരാശനാകുമെന്ന് ശാസ്ത്രി 

മുംബൈ: ലോകകപ്പ് വരാനിരിക്കേ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഏകദിന സ്ക്വാഡിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടർമാർ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്ന് ഏകദിനങ്ങളിലാണ് വിക്കറ്റ് കീപ്പറുടെ പേരായി സഞ്ജുവുള്ളത്. ഇഷാന്‍ കിഷനും ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ സഞ്ജുവിനെ ഇന്ത്യക്ക് വിന്‍ഡീസില്‍ കളിപ്പിക്കാവുന്നതാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് പിന്നാലെ സഞ്ജുവിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശർമ്മയുമായാണ് സഞ്ജുവിനെ ശാസ്ത്രി താരതമ്യം ചെയ്യുന്നത്. 

'സഞ്ജു സാംസണ്‍ ടീമിലുണ്ട്. അദേഹം തന്‍റെ കഴിവ് ഇതുവരെ മനസിലാക്കിയിട്ടില്ല. സഞ്ജുവൊരു മാച്ച് വിന്നറാണ്. ഗംഭീര താരമായി കരിയർ സഞ്ജു അവസാനിപ്പിച്ചില്ലെങ്കില്‍ അത് നിരാശയാകും. രോഹിത് ശർമ്മ സ്ഥിരം ടെസ്റ്റ് താരമായി കളിച്ചില്ലായിരുന്നു എങ്കില്‍ എനിക്കുണ്ടാകുമായിരുന്ന സങ്കടമാണ് സഞ്ജുവിന്‍റെ കാര്യത്തില്‍ ഉണ്ടാവുക. കാരണം രോഹിത് അത്രത്തോളം മികച്ച ഓപ്പണറാണ്. ഇത് തന്നെയാണ് സഞ്ജുവിന്‍റെ കാര്യത്തിലും തോന്നുന്നത്' എന്നുമാണ് ശാസ്ത്രിയുടെ വാക്കുകള്‍. റിഷഭ് പന്തും കെ എല്‍ രാഹുലും പരിക്ക് മാറി ഉടന്‍ മടങ്ങിയെത്തില്ല എന്നതിനാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവർണാവസരമാണ് വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ വന്നിരിക്കുന്നത്. എന്നാല്‍ ഇഷാന്‍ കിഷനുമായി കടുത്ത പോരാട്ടം കേരള താരത്തിനുണ്ടാകും. 

2021 ജൂലൈ 23ന് ശ്രീലങ്കയ്ക്ക് എതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ്‍ ഇതുവരെ 11 മത്സരങ്ങളാണ് ഫോർമാറ്റില്‍ കളിച്ചത്. 2011ല്‍ ആ ഒരു ഏകദിനത്തില്‍ മാത്രമൊതുങ്ങി താരത്തിന്‍റെ സാന്നിധ്യം. 46 റണ്‍സ് നേടിയ അരങ്ങറ്റത്തിന് ശേഷം പിന്നീട് ഒരു വർഷത്തോളം കഴിഞ്ഞാണ് സഞ്ജു കരിയറിലെ രണ്ടാം ഏകദിനം കളിച്ചത്. വിന്‍ഡീസ് പര്യടനത്തിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ച താരം പോർട്ട് ഓഫ് സ്പെയിനില്‍ ഫിഫ്റ്റി നേടിയിരുന്നു. ഇതിന് ശേഷം സിംബാബ്‍വെ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഏകദിനങ്ങള്‍ കളിച്ചു. പരിക്കിനെ തുടർന്ന് ലങ്കയ്ക്കും ഓസീസിനും എതിരെ കളികള്‍ നഷ്ടമായി. കരിയറില്‍ 11 ഏകദിനങ്ങളില്‍ 66 ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജുവിനുള്ളത്.

Read more: സഞ്ജുവിന്‍റെ മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ; ബിസിസിഐക്കും താരത്തിനും കടുപ്പത്തില്‍ ഉപദേശം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News