ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കാമെന്നും എന്നാല്‍ വിഷയങ്ങളെ ക്ഷമയോടെയും ശാന്തതയോടെയെും കൈകാര്യം ചെയ്യാനാണ് ഗംഭീര്‍ ശ്രമിക്കേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. നാട്ടില്‍ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേടും ഗംഭീറിന്‍റെ തലയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമായുള്ള ഭിന്നതകളും പുറത്തുവരുന്നത്. ഇതിനിടെ ഗൗതം ഗംഭീറിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ പരിശീലകനും വിരാട് കോലിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ രവി ശാസ്ത്രി.

ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കാമെന്നും എന്നാല്‍ വിഷയങ്ങളെ ക്ഷമയോടെയും ശാന്തതയോടെയെും കൈകാര്യം ചെയ്യാനാണ് ഗംഭീര്‍ ശ്രമിക്കേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു. നിങ്ങളുടെ പ്രകടനം മോശമായാല്‍ നിങ്ങളെ പുറത്താക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. കളിക്കാരുമായുള്ള ആശയവിനിമയും കളിക്കാരെ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് ഇവിടെ പ്രധാനം. അതുവഴി മാത്രമെ കളിക്കാരെ വിജയത്തിനായി പ്രചോദിപ്പിക്കാനാവു. അതാണ് ഞങ്ങളുടെ കാലത്ത് ചെയ്തിരുന്നത്. ഏറ്റവും പ്രധാനം ചെയ്യുന്ന കാര്യം ആസ്വദിച്ച് ചെയ്യുക, സമ്മര്‍ദ്ദത്തിലാവാതിരിക്കുക എന്നതുമാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ഗംഭീര്‍ പരിശീലകനായശേഷം ഇന്ത്യ നാട്ടില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചെങ്കിലും പിന്നീട് നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-3ന്‍റെ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. അതിനുശേഷം നടന്ന ഓസ്ട്ര്ലേയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-3ന് തോറ്റു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-2 സമനിലയാക്കാനായെങ്കിലും കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും 0-2ന് തോറ്റു. ഇതിനിടെ ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും കിരീടം നേടിയെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിട്ടതും ഗംഭീറിന് തിരിച്ചടിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക