മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ട്വിറ്ററില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരാട് കോലിയെയും മാത്രം ടാഗ് ചെയ്തതില്‍ പരാതി പറഞ്ഞ യുവരാജ് സിംഗിന്റെ പരിഭവം തീര്‍ത്ത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികമായ ഇന്നലെ ട്വിറ്ററിലാണ് ശാസ്ത്രി ഇന്ത്യയെ അഭിനന്ദിച്ചത്. 

അഭിനന്ദനങ്ങള്‍ കുട്ടികളെ, നിങ്ങളുടെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാവുന്ന നേട്ടം, 1983ലെ ഞങ്ങളുടെ ലോകകപ്പ് നേട്ടം പോലെ എന്ന് പറഞ്ഞായിരുന്നു ശാസ്ത്രി സച്ചിനെയും കോലിയെയും ട്വീറ്റില്‍ ടാഗ് ചെയ്തത്.

എന്നാല്‍ ഇതിന് യുവരാജ് സിംഗ് നല്‍കിയ മറുപടിയാകട്ടെ, നന്ദി, സീനിയര്‍, താങ്കള്‍ക്ക് എന്നെയും ധോണിയെയും കൂടി ഇതില്‍ ടാഗ് ചെയ്യാമായിരുന്നു. കാരണം ഞങ്ങളും അതിന്റെ ഭാഗമായിരുന്നു എന്നായിരുന്നു. ധോണി വിജയ സിക്സര്‍ നേടുമ്പോള്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ യുവരാജ് സിംഗായിരുന്നു. കമന്ററി ബോക്സിലാകട്ടെ രവി ശാസ്ത്രിയും.

 

എന്നാല്‍ ലോകകപ്പ് നേട്ടത്തിന്റെ കാര്യത്തില്‍ താങ്കള്‍ ജൂനിയര്‍ അല്ലെന്നും താങ്കളും ഇതിഹാസമാണെന്നുമായിരുന്നു ഇതിന് രവി ശാസ്ത്രിയുടെ മറുപടി. ഇന്നലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടം അനുസ്മരിപ്പിച്ച് ധോണിയുടെ വിജയ സിക്സര്‍ ട്വീറ്റ് ചെയ്ത ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റിന് മറുപടിയുമായി ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ ടോപ് സ്കോററായ ഗൌതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ധോണിയുടെ സിക്സര്‍ മാത്രമല്ല ലോകകപ്പ് നേടിക്കൊടുത്തതെന്നും ടീമിന്റെ നേട്ടമാണതെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.