ഇന്ത്യന്‍ ക്രിക്കറ്റിലെ പരിചിത മുഖമാണ് ശാസ്്ത്രി. 2007ലാണ് അദ്ദേഹം ആദ്യമായി പരിശീലക സ്ഥാനത്തെത്തുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്നു അദ്ദേഹം. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. 

മുംബൈ: ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. രവി ശാസ്ത്രിയുടെ (Ravi Shastri) ഒഴിവിലാണ് ദ്രാവിഡ് പരിശീലകനാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പരിചിത മുഖമാണ് ശാസ്്ത്രി. 2007ലാണ് അദ്ദേഹം ആദ്യമായി പരിശീലക സ്ഥാനത്തെത്തുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്നു അദ്ദേഹം. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. 

പിന്നീട് 2015ല്‍ അദ്ദേഹം വീണ്ടും പരിശീലകനായെത്തി. 2017ല്‍ സ്ഥിരം പരിശീലകനായി. ഇപ്പോള്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു കാലയളവിനെ കുറിച്ച് സംസാരിക്കുകയാണ് ശാസ്ത്രി. ബിസിസിഐയെ കുറ്റപ്പെടുത്തിയാണ് ശാസ്ത്രി സംസാരിച്ചത്. ''എന്നോട് വിരോധമുള്ളത് പോലെയായിരുന്നു ബിസിസിഐയുടെ പെരുമാറ്റം. ഞാന്‍ നല്‍കിയ സംഭാവനകള്‍ക്ക് ഒരു നല്ലവാക്ക് പോലും ബിസിസിഐയില്‍ നിന്ന് ലഭിച്ചിരുന്നില്ല. എന്നോടുള്ള വിരോധം മറ്റുപല വഴിയിലൂടെയുമാണ് ബിസിസഐ അറിയിച്ചിരുന്നത്. ഞാന്‍ പരിശീലകസ്ഥാനത്ത് എത്തുന്നത് തടയാന്‍ നിരവധി പേര്‍ ശ്രമിച്ചിരുന്നു. 2007ല്‍ പരിശീലക സ്ഥാനത്ത് നിന്നും പുറത്തായ വിധം തന്നെ വേദനിപ്പിച്ചു.'' ശാസ്ത്രി പറഞ്ഞു.

2019 ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായുഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിനെ കുറിച്ചും ശാസ്്ത്രി സംസാരിച്ചു. ''മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയതിലെ യുക്തി എനിക്ക് മനസിലാവുന്നില്ല. എം എസ് ധോണി, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ടീമില്‍ ഉണ്ടായിരുന്നത്. ഇത്രയും വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പകരം ശ്രേയസ് അയ്യര്‍, അമ്പാട്ടി റായുഡു എന്നിവരില്‍ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. ഞാനൊരിക്കലും സെലക്റ്റര്‍മാരുടെ ജോലിയില്‍ ഇടപെടാറില്ല. അതുകൊണ്ടുതന്നെ ആ തെരഞ്ഞെടുപ്പില്‍ എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലായിരുന്നു.'' ശാസ്ത്രി വ്യക്തമാക്കി. 

''2015ന് ശേഷം ഞാന്‍ പരിശീലകനായി തിരിച്ചെത്തുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എനിക്ക് പകരം മറ്റൊരാളെയാണ് അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഒമ്പത് മാസത്തിന് ശേഷം എന്നെതേടി വരേണ്ടതായി വന്നു.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.