ഐപിഎല്ലില്‍ തിളങ്ങുന്ന സായ് സുദര്‍ശനെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി പരിഗണിക്കണമെന്ന് രവി ശാസ്ത്രി. മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ കഴിയുന്ന താരമാണ് സായ് സുദര്‍ശനെന്നും ശാസ്ത്രി.
മുംബൈ: ഐപിഎല്ലില്‍ റണ്‍വേട്ട നടത്തുന്ന യുവതാരത്തെ ഇംഗ്ലണ്ട് പരമ്പരക്കായി നോക്കിവെച്ചോളാൻ സെലക്ടര്‍മാരെ ഉപദേശിച്ച് രവി ശാസ്ത്രി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണറായി തിളങ്ങുന്ന സായ് സുദര്‍ശനെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി പരിഗണിക്കണമെന്ന് രവി ശാസ്ത്രി ആവശ്യപ്പെട്ടത്. ഐപിഎല്ലിന് പിന്നാലെ ജൂണിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിക്കുക. ജൂണ്‍ 20ന് ഹെഡിങ്‌ലിയിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
സായ് സുദര്‍ശന്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണെന്നും അവനെ നോക്കിവെച്ചിട്ടുണ്ടെന്നും ശാസ്ത്രി ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ അറിയാവുന്ന ഒരു ഇടം കൈയന്‍ ബാറ്റര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലെത്താന്‍ ആഗ്രഹിക്കുന്ന നിരവധി താരങ്ങളുണ്ടാകാം. എന്നാല്‍ അവരെക്കാള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് സുദര്‍ശനാണെന്നും രവി ശാസ്ത്രി പറഞ്ഞു. ഐപിഎല്‍ റണ്‍വേട്ടയില്‍ ഒമ്പത് കളികളില്‍ 456 റണ്‍സുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് സായ് സുദര്‍ശൻ.
പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാകും ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലെത്താനിടയുള്ള മറ്റൊരു താരമെന്നും രവി ശാസ്ത്രി പറഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രേയസ് മികച്ച ഫോമിലാണ്. എങ്കിലും ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ ശ്രേയസ് കഠിനാധധ്വാനം ചെയ്യേണ്ടിവരും. പരിക്കില്‍ നിന്ന് മുക്തനായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കെ ഇന്ത്യൻ പേസ് നിരയില്‍ ഒരു ഇടം കൈയന്‍ സീമറെ കൂടി ഉള്‍പ്പെടുത്താവുന്നതാണെന്നും ശാസ്ത്രി പറഞ്ഞു.
അതാരുമാകാം, വൈറ്റ് ബോള്‍ സ്പെഷലിസ്റ്റായാലും കുഴപ്പമില്ല, അര്‍ഷ്ദീപ് സിംഗിനെപ്പോലൊരു ബൗളറെ വൈറ്റ് ബോള്‍ സ്പെഷലിസ്റ്റായി മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. 15-20 ഓവറുകള്‍ എറിയാന്‍ കഴിയുന്ന ബൗളറാണെങ്കില്‍ തീര്‍ച്ചയായും അര്‍ഷ്ദീപിനെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുള്‍പ്പെടുത്താവുന്നതാണ്. ബുദ്ധിപരമായി ചിന്തിക്കുന്ന ബൗളറാണ് അര്‍ഷ്ദീപ്. അര്‍ഷ്ദീപ് സിംഗിനൊപ്പം തന്നെ ഖലീല്‍ അഹമ്മദിനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാവുന്നതാണെന്നും ശാസ്ത്രി പറഞ്ഞു.


