329 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ റിഷഭ് പന്തിന്‍റെ ആക്രമണാത്മക സമീപനം കണ്ട് ഈ മത്സരത്തില്‍ ജയത്തിനാണോ സമിനലക്കാണോ നമ്മള്‍ പൊരുതുന്നതെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. റിഷഭ് പന്തിന്‍റെ മനസ്സിൽ എന്താണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. കാരണം, അവന്‍ എന്തു ചെയ്യുമെന്ന് പ്രവചിക്കാനാവില്ല.

ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയ ജയം, ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മഹത്തായ വിജയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോലി ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങുകയും പരിക്കിനെത്തുടര്‍ന്ന് 11 പേരെ പോലും തികക്കാന്‍ പാടുപെടുകയും ചെയ്ത പരമ്പരയില്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

ഗാബയില്‍ നടന്ന അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യനിലയിലായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും. വിരാട് കോലിയും മുന്‍നിര ബൗളര്‍മാരുമില്ലാതെ ഇറങ്ങിയ ഇന്ത്യ 1988നുശേഷം ഗാബയില്‍ തോൽവി അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴടക്കി പരമ്പര നേടുമെന്ന് ഇന്ത്യയുടെ കടുത്ത ആരാധകര്‍ പോലും വിശ്വസിച്ചിരുന്നില്ല. റിഷഭ് പന്തിന്‍റെ അവിശ്വസനീയ ബാറ്റിംഗിനൊപ്പം ശുഭ്‌മാൻ ഗില്ലിന്‍റെയും ചേതേശ്വര്‍ പൂജാരയുടെയും വാഷിംഗ്ടൺ സുന്ദറിന്‍റെയും പോരാട്ടവീര്യം കൂടി ചേര്‍ന്നപ്പോള്‍ നാലാം ഇന്നിംഗ്സില്‍ ഇന്ത്യ 329 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് ഐതിഹാസിക പരമ്പര നേട്ടം സ്വന്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വി; ആര്‍ അശ്വിനെ പൊരിച്ച് വീരേന്ദര്‍ സെവാഗ്, ടീമിന് രൂക്ഷവിമര്‍ശനം

എന്നാല്‍ ഗാബയിലെ അവസാന ടെസ്റ്റില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങുമ്പോള്‍ ഇന്ത്യ സമനിലക്കായി ശ്രമിച്ചാല്‍ മതിയെന്നായിരുന്നു കോച്ചായിരുന്ന രവി ശാസ്ത്രിയുടെ നിലപാടെന്ന് തുറന്നുപറയുകയാണ് പരമ്പര വിജയത്തിൽ പ്രധാന പങ്ക് വഹിച്ച ഇന്ത്യൻ ഓഫ് സ്പിന്നർ ആര്‍ അശ്വിൻ. 329 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ റിഷഭ് പന്തിന്‍റെ ആക്രമണാത്മക സമീപനം കണ്ട് ഈ മത്സരത്തില്‍ ജയത്തിനാണോ സമിനലക്കാണോ നമ്മള്‍ പൊരുതുന്നതെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു.

റിഷഭ് പന്തിന്‍റെ മനസ്സിൽ എന്താണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. കാരണം, അവന്‍ എന്തു ചെയ്യുമെന്ന് പ്രവചിക്കാനാവില്ല. ഓരോ പന്തിലും സിക്‌സടിക്കാൻ കഴിവുള്ളവനാണ് അവന്‍. ചിലപ്പോഴൊക്കെ അവനെ ക്രീസില്‍ അടക്കി നിര്‍ത്താന്‍ പ്രയാസമാണ്. സിഡ്‌നി ടെസ്റ്റില്‍ ബാറ്റിംഗിനിടെ, പൂജാര അവന്‍റെ ആക്രമണോത്സുകത കുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ അവന് സെഞ്ച്വറി നഷ്ടമായി.

ഗാബയിലാകട്ടെ കോച്ച് രവി ശാസ്ത്രി സമനിലക്ക് ശ്രമിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു. കാരണം പ്രതിരോധിച്ചു നിന്നാല്‍ നമുക്ക് അനായാസം മത്സരം സമനിലയിൽ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഞങ്ങളുടെ പ്ലാന്‍ വേറെയായിരുന്നു. ഞാൻ രഹാനെയോട് ചോദിച്ചു, നമ്മൾ ഈ കളിയില്‍ ജയത്തിനാണോ സമനിലക്കാണോ ശ്രമിക്കുന്നതെന്ന്. റിഷഭ് പന്ത് അവന്‍റെ സ്വാഭാവിക കളിയാണ് കളിക്കുന്നത്, അത് ഏതുവരെ പോകുമെന്ന് നോക്കാമെന്നായിരുന്നു രഹാനെയുടെ മറുപടി.

'ധൈര്യമുണ്ടോ നിങ്ങള്‍ക്ക്', മുന്‍ ഇന്ത്യന്‍ താരത്തെ അമ്പയറാവാന്‍ വെല്ലുവിളിച്ചിരുന്നുവെന്ന് സൈമണ്‍ ടോഫല്‍

വാഷിംഗ്ടണ്‍ സുന്ദര്‍ ക്രീസിലിറങ്ങി അതിവേഗം 20 റൺസ് അടിച്ചതോടെയാണ് ടീമിന്‍റെ പ്ലാൻ ഒന്നാകെ മാറിയതെന്നും സ്പോർട്സ് യാരിയുമായുള്ള അഭിമുഖത്തില്‍ അശ്വിൻ പറഞ്ഞു. പരമ്പരയിലെ അവസാന ടെസ്റ്റില്‍ പരിക്കു മൂലം അശ്വിന്‍ കളിച്ചിരുന്നില്ല. മൂന്ന് ടെസ്റ്റില്‍ കളിച്ച അശ്വിന്‍ 12 വിക്കറ്റാണ് വീഴ്ത്തിയത്.