ഏഷ്യാ കപ്പില്‍ സഞ്ജു സാംസണെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്നോ ടോപ് ഓര്‍ഡറില്‍ നിന്നോ മാറ്റരുതെന്ന് രവി ശാസ്ത്രി. 

ദുബായ്: ഏഷ്യാ കപ്പില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്നോ ടോപ് ഓര്‍ഡറില്‍ നിന്നോ മാറ്റരുതെന്ന് നിര്‍ദേശവുമായി ഇന്ത്യൻ ടീമിന്‍റെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലുണ്ടെങ്കിലും ഇന്ത്യൻ കുപ്പായത്തില്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ മാറ്റുന്നത് എളുപ്പമാവില്ലെന്നും രവി ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ടോപ് ത്രീയില്‍ ഇറങ്ങുമ്പോഴാണ് സഞ്ജു ഏറ്റവും അപകടകാരി. ആ സ്ഥാനങ്ങളില്‍ കളിച്ചാണ് സഞ്ജു ഇന്ത്യയെ ജയിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ആ സ്ഥാനത്തു നിന്ന് മാറ്റരുത്. വൈസ് ക്യാപ്റ്റനായി ഗിൽ ടീമിലുണ്ടെങ്കിലും ടോപ് ഓര്‍ഡറില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ മാറ്റുക ഗംഭീറിന് അത്ര എളുപ്പമാവില്ല. സഞ്ജുവിനെ ഓപ്പണറായി നിലനിര്‍ത്തി മറ്റേതെങ്കിലും താരത്തിന് പകരം ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ടി20 ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്നതുപോലെ തന്നെ സഞ്ജു ഇനിയും തുടരണം. കാരണം ടോപ് ഓര്‍ഡറില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു അത്രമാത്രം സ്ഥിരത പുലര്‍ത്തുന്ന താരമാണെന്നും രവി ശാസ്ത്രി പറഞ്ഞു.

യുഎഇയിലെ സാഹചര്യങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു. യുഎഇയിലെ സാഹചര്യങ്ങളും കനത്ത ചൂടും സ്പിന്നര്‍മാരെയാകും തുണക്കുക. അഫ്ഗാനിസ്ഥാനെ പോലെയുള്ള ടീമുകള്‍ നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാവും ഇറങ്ങുക. ടീമിന്‍റെ സന്തുലനം കൂടി കണക്കിലെടുത്ത് ഇന്ത്യയും പ്ലേയിംഗ് ഇലവനില്‍ രണ്ടോ മൂന്നോ സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. റിസ്റ്റ് സ്പിന്നര്‍മാരെയും ഫിംഗര്‍ സ്പിന്നര്‍മാരെയും ഒരേസമയം ടീമിലുള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇന്ത്യക്ക് ഇത് രണ്ടുമുണ്ടെന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നും രവി ശാസ്ത്രി പറഞ്ഞു

നാളെ അഫ്ഗാനിസ്ഥാൻ-ഹോങ്കോംഗ് മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ മറ്റന്നാള്‍ യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക