ശ്രീലങ്കയ്ക്കെതിരായ ഗാലെ ടെസ്റ്റിൽ നിറംമങ്ങിയ സ്പിന്നർ കുൽദീപ് യാദവിന് പിന്തുണയുമായി ആർ അശ്വിൻ. കുൽദീപിനെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിൽ നായകൻ ശുഭ്മാൻ ഗില്ലും ടീം മാനേജ്‌മെന്റും പരാജയപ്പെട്ടുവെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചു.

ചെന്നൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തിളങ്ങാന്‍ സാധിക്കാത്ത റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്‍. ഗാലെ ടെസ്റ്റില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ 25 ഓവറുകള്‍ പന്തെറിഞ്ഞ് 103 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് കുല്‍ദീപ് വീഴ്ത്തിയത്. എന്നാല്‍ താരത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ടീം മാനേജ്മെന്റും നായകന്‍ ശുഭ്മാന്‍ ഗില്ലും പരാജയപ്പെട്ടുവെന്ന് അശ്വിന്‍ വിമര്‍ശിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താനും രവീന്ദ്ര ജഡേജയും കളിച്ചിരുന്ന കാലത്തും ഇപ്പോഴും കുല്‍ദീപ് ടീമിലെ മൂന്നാം സ്പിന്നര്‍ മാത്രമാണെന്നും പ്ലെയിംഗ് ഇലവനില്‍ 3 അല്ലെങ്കില്‍ 4-ാം സ്പിന്നറായി കളിക്കുന്നത് എളുപ്പമല്ലെന്നും അശ്വിന്‍ പറഞ്ഞു. കൂട്ടുകെട്ടുകള്‍ തകര്‍ക്കാന്‍ മാത്രം ഒരു ബൗളറെ കൊണ്ടുവരുമ്പോള്‍ റിഥം കണ്ടെത്തുക പ്രയാസമാണ്. ലങ്കന്‍ സാഹചര്യങ്ങളില്‍ 30 ഓവറുകള്‍ക്ക് ശേഷം കുക്കുബറ പന്ത് പഴകുമ്പോള്‍ കുല്‍ദീപിനെപ്പോലെയുള്ള ഒരു റിസ്റ്റ് സ്പിന്നര്‍ക്ക് പന്തെറിയുക എളുപ്പമല്ല. പിച്ചില്‍ വേഗത്തില്‍ പന്തെറിയുന്ന ജഡേജയെപ്പോലുള്ളവരെയാണ് ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. കുല്‍ദീപിനെക്കൊണ്ട് പന്തെടുപ്പിക്കണമെങ്കില്‍ അത് ആദ്യ 30 ഓവറുകള്‍ക്കുള്ളില്‍ ആയിരിക്കണം.

കുല്‍ദീപ് യാദവ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രിയപ്പെട്ട ചോയ്‌സ് അല്ലെന്ന് തോന്നുന്നുവെന്നും ടീമില്‍ അദ്ദേഹത്തിന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും അശ്വിന്‍ കുറ്റപ്പെടുത്തി. ദീര്‍ഘകാലത്തിന് ശേഷം കളത്തിലിറങ്ങിയ ഒരു താരത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താത്തത് കളിക്കാരന്റെ കുറ്റമല്ല.

കുല്‍ദീപിനെ വേണ്ടത്ര പിന്തുണയ്ക്കാത്തത് ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസക്കുറവാണ് കാണിക്കുന്നത്. എങ്കിലും കുല്‍ദീപിന്റെ മികവിലും കഴിവിറിലും തനിക്ക് വിശ്വാസമുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player