ലേലത്തില്‍ മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയെ 6.75 ലക്ഷത്തിന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ടീമിലെത്തിച്ചിരുന്നു.21.6 ലക്ഷത്തിന് സായ് സുദര്‍ശനെ ടീമിലെത്തിച്ച ലൈക്ക കോവൈ കിങ്സ് ലേലത്തില്‍ മറ്റ് ടീമുകളെ ഞെട്ടിച്ചു.

ചെന്നൈ: ചെന്നൈയില്‍ നടന്ന തമിഴ്നാട് പ്രീമിയര്‍ ലീഗിലേക്കുള്ള കളിക്കാരുടെ ലേലത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ താരം ആര്‍ അശ്വിനും. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്‍റെ മാര്‍ക്വീ താരമായ അശ്വിന്‍ പക്ഷെ കളിക്കാരനായല്ല, ടീമിന്‍റെ സ്ട്രാറ്റജിസ്റ്റ് ആയാണ് അശ്വിന്‍ ലേല ടേബിളില്‍ എത്തിയത്. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനായി ലേലത്തില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക എന്നതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ ബുദ്ധിമാനായ ബൗളറെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്ന അശ്വിന്‍റെ ചുമതല. മാര്‍ക്വീ താരമായ അശ്വിനെ 60 ലക്ഷം രൂപക്ക് ഡ്രാഗണ്‍സ് നേരത്തെ നിലനിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലേലത്തില്‍ ടീമിന്‍റെ സ്ട്രാറ്റജിസ്റ്റായും അശ്വിന്‍ എത്തിയത്.

ലേലത്തില്‍ മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയെ 6.75 ലക്ഷത്തിന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ടീമിലെത്തിച്ചിരുന്നു.21.6 ലക്ഷത്തിന് സായ് സുദര്‍ശനെ ടീമിലെത്തിച്ച ലൈക്ക കോവൈ കിങ്സ് ലേലത്തില്‍ മറ്റ് ടീമുകളെ ഞെട്ടിച്ചു. 17.6 ലക്ഷത്തിന് സഞ്ജയ് യാദവിനെ ചെന്നൈ സൂപ്പര്‍ ഗില്ലീസും 15.2 ലക്ഷത്തിന് സോനു യാദവിനെ നെല്ലായി റോയല്‍ കിംഗ്സും ടീമിലെടുത്തു. 13 ലക്ഷത്തിന് തിരൂപ്പൂര്‍ തമിഴന്‍സ് സായ് കിഷോറിനെ ടീമിലെത്തിച്ചപ്പോള്‍ 10.25 ലക്ഷത്തിന് മുന്‍ ഇന്ത്യന്‍ താരം വിജയ് ശങ്കറെയും തിരുപ്പൂര്‍ ടീമിലെത്തിച്ചു.

Scroll to load tweet…

 എ,ബി, സി,ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗിലേക്ക് കളിക്കാരുടെ ലേലം നടന്നത്. കാറ്റഗറി എയില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയാണ്. ഇന്ത്യക്കായി കളിച്ചിട്ടുള്ള കളിക്കാരെയാണ് ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സീനിയര്‍ തലത്തില്‍ കളിച്ചിട്ടുള്ള കളിക്കാര്‍ക്ക് ആറ് ലക്ഷമാണ് അടിസ്ഥാന വില. ഇവര്‍ ബി കാറ്റഗറിയിലാണുള്ളത്. സി കാറ്റഗറിയിലുള്ള കളിക്കാര്‍ക്ക് മൂന്ന് ലക്ഷമാണ് അടിസ്ഥാന വില. കുറഞ്ഞത് 30 തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരമെങ്കിലും കളിച്ചിട്ടുള്ളവരാണ് ഈ വിഭാഗത്തിലുള്ളത്. ഡി കാറ്റഗറിയിലെ കളിക്കാര്‍ക്ക് 1.50 ലക്ഷമാണ് അടിസ്ഥാന വില. ഓരോ ടീമിനും 70 ലക്ഷം രൂപയാണ് ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക. ഐപിഎല്ലിനുശേഷം ജൂണിലും ജൂലായിലുമായാണ് ടൂര്‍ണമെന്‍റ് നടക്കുക.