ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെങ്കില്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഏഷ്യാഡ് ടീമിന്‍റെ ക്യാപ്റ്റനാക്കണം എന്നാണ് ഡികെയുടെ നിലപാട്
മുംബൈ: ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിന് ബിസിസിഐ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ അയക്കുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. ഏതാണ്ട് ഒരേസമയത്ത് ഏകദിന ലോകകപ്പും നടക്കും എന്നതിനാല്‍ ചൈനയിലെ ഏഷ്യാഡിലേക്ക് പുരുഷ ബി ടീമിനെയാവും ബിസിസിഐ അയക്കുക. യുവ താരങ്ങള്‍ക്ക് പ്രധാന്യമുള്ള ഈ ടീമിനെ നയിക്കുക വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാകാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്കിനുള്ളത്.
ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെങ്കില്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഏഷ്യാഡ് ടീമിന്‍റെ ക്യാപ്റ്റനാക്കണം എന്നാണ് ഡികെയുടെ നിലപാട്. 'അശ്വിന്‍ ഏകദിന ടീമിന്‍റെ(ലോകകപ്പ്) ഭാഗമല്ലെങ്കില്‍ അശ്വിനെ ഏഷ്യന്‍ ഗെയിംസില്‍ ബിസിസിഐ ക്യാപ്റ്റനാക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിനായി കഴിഞ്ഞ കാലമത്രയും മികച്ച പ്രകടനം പുറത്തെടുത്ത അശ്വിന്‍ അത് അര്‍ഹിക്കുന്നുണ്ട്' എന്നും ദിനേശ് കാര്‍ത്തിക് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉപയോഗിക്കപ്പെടാത്ത ക്യാപ്റ്റന്‍സി മെറ്റീരിയലാണ് അശ്വിന്‍ എന്ന വിലയിരുത്തലുകള്‍ കുറേക്കാലമായുണ്ട്.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നയിക്കുമെന്ന് പിടിഐ കഴിഞ്ഞ മാസാവസാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022 ഡിസംബറിലാണ് ധവാന്‍ ഇതിന് മുമ്പ് ടീം ഇന്ത്യക്കായി കളിച്ചത്. മുപ്പത്തിയാറുകാരനായ ധവാന്‍റെ നായകത്വത്തില്‍ യുവതാരങ്ങളെ മെരുക്കിയെടുക്കാനുള്ള അവസരമായി ഏഷ്യാഡിനെ ബിസിസിഐ കാണുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് ടീമിലിടം ലഭിച്ചില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഏഷ്യന്‍ ഗെയിംസിനുണ്ടാകും എന്നുറപ്പാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജുവും ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരമാണ്. ഏകദിന ലോകകപ്പിലെ സഞ‌്ജുവിന്‍റെ പങ്കാളിത്തം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പ്രകടനം അനുസരിച്ചിരിക്കും.
Read more: ഇതും വിരാട് കോലിക്കുള്ള മറുപടിയോ? നിഗൂഢ വീഡിയോയുമായി നവീന്‍ ഉള്‍ ഹഖ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
