ഐപിഎല്‍ കഴിഞ്ഞ് ആഴ്‌ചകള്‍ പിന്നിട്ടിട്ടും നവീന്‍ വാക്‌പോരില്‍ നിന്ന് പിന്‍മാറുന്ന ലക്ഷണമില്ല എന്നാണ് പുതിയ ഇന്‍സ്റ്റ പോസ്റ്റ് സൂചിപ്പിക്കുന്നത്

കാബൂള്‍: ഐപിഎല്‍ പതിനാറാം സീസണിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ അഫ്‌ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും തമ്മിലുള്ള ഉരസല്‍ വലിയ ചര്‍ച്ചയായിരുന്നു. മൈതാനത്തെ പോര് കഴിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പിന്നീട് ഇരുവരും തമ്മിലുള്ള അങ്കം. പ്രകോപനപരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി നവീന്‍ വിവാദം ചൂടുപിടിപ്പിച്ചിരുന്നു. ഐപിഎല്‍ കഴിഞ്ഞ് ആഴ്‌ചകള്‍ പിന്നിട്ടിട്ടും നവീന്‍ വാക്‌പോരില്‍ നിന്ന് പിന്‍മാറുന്ന ലക്ഷണമില്ല എന്നാണ് പുതിയ ഇന്‍സ്റ്റ പോസ്റ്റ് സൂചിപ്പിക്കുന്നത്. 

'സത്യത്തെയും യാഥാർത്ഥ്യത്തേയും കുറിച്ച് മനസിലാക്കാത്ത വിഡ്ഢികളോട് തർക്കിക്കുന്നത് വലിയ സമയം പാഴാക്കലാണ്. അവര്‍ അവരുടെ വിശ്വാസങ്ങളുടെയും മിഥ്യാധാരണകളുടെയും വിജയം മാത്രമായേ എല്ലാറ്റിനേയും കാണൂ. എത്ര തെളിവുകൾ ഹാജരാക്കിയാലും കാര്യങ്ങള്‍ മനസിലാക്കാൻ കഴിയാത്തവരുണ്ട്. അവര്‍ അഹങ്കാരവും വെറുപ്പും പകയും കൊണ്ട് മറ്റുള്ളവരെ അന്ധരാക്കുന്നു. അവര്‍ ശരിയല്ലെങ്കിലും എല്ലാവരും ശരിയാകണം എന്നാണവര്‍ ആഗ്രഹിക്കുന്നത്'- എന്നുമാണ് ഇന്‍സ്റ്റഗ്രാമിയില്‍ നവീന്‍ ഉള്‍ ഹഖ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിലുള്ളത്. 'കഴുതയും കടുവയും' എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോയുള്ളത്. 

ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിലായിരുന്നു വിരാട് കോലി, നവീന്‍ ഉള്‍ ഹഖ് പോരിന്‍റെ തുടക്കം. മത്സര ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതിന് ശേഷം കോലിയുടെ മത്സരങ്ങളിലെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌ത് പ്രകോപനവുമായി നവീന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് മൈതാനത്തിനപ്പുറം സാമൂഹ്യമാധ്യമങ്ങളിലേക്ക് പടര്‍ന്നു. മത്സരത്തിലെ മോശം പെരുമാറ്റത്തിന് വിരാട് കോലിക്ക് മാച്ച് ഫീയുടെ മുഴുവന്‍ തുകയും നഷ്‌ടമായപ്പോള്‍ 50 ശതമാനം തുക നവീന് പിഴ വിധിച്ചിരുന്നു. 

Read more: 'തുടക്കമിട്ടത് കോലി'; ഐപിഎല്ലിലെ കൊമ്പുകോര്‍ക്കലില്‍ വിശദീകരണവുമായി നവീന്‍ ഉള്‍ ഹഖ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News