ഐപിഎല്ലിലെ ആര്‍സിബി - സിഎസ്‌കെ മത്സരത്തിൽ തൻ്റെ പ്രവചനവുമായി രവിചന്ദ്രൻ അശ്വിൻ. തൻ്റെ ഹൃദയം മുൻ ടീമായ ചെന്നൈക്കൊപ്പമാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ ബംഗളൂരുവിനാണ് മുൻതൂക്കമെന്ന് അശ്വിൻ പറയുന്നു. 

ബെംഗളൂരു: ഐപിഎല്‍ 2026-ലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ ആര്‍സിബി - സിഎസ്‌കെ പോരാട്ടത്തിന് മുന്നോടിയായി തന്റെ പ്രവചനവുമായി രവിചന്ദ്രന്‍ അശ്വിന്‍. സീസണില്‍ മികച്ച തുടക്കം ലഭിച്ച ബംഗളൂരുവിനാണ് നിലവില്‍ മുന്‍തൂക്കമെങ്കിലും, തന്റെ മനസ്സ് പഴയ ടീമായ ചെന്നൈക്കൊപ്പമാണെന്ന് അശ്വിന്‍ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിച്ചത്. പരിക്കിനെത്തുടര്‍ന്ന് മുന്‍ നായകന്‍ എം.എസ്. ധോണി ഇല്ലാതെ ഇറങ്ങുന്ന ചെന്നൈ നിലവില്‍ പ്രതിസന്ധിയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

ഈ സാഹചര്യത്തെക്കുറിച്ച് അശ്വിന്‍ പറയുന്നത് ഇങ്ങനെ... ''ആരേയും അമിത ഫേവറിറ്റുകള്‍ എന്ന് ഞാന്‍ വിളിക്കില്ല. എന്റെ ഹൃദയം എപ്പോഴും മഞ്ഞ നിറത്തിന് വേണ്ടിയാണ് തുടിക്കുന്നത്. അത് പറയുന്നതില്‍ എനിക്ക് നാണക്കേടൊന്നുമില്ല. ഈ മത്സരത്തില്‍ എന്റെ ഹൃദയം സിഎസ്‌കെ എന്ന് പറയുന്നുണ്ടെങ്കിലും ബുദ്ധി പറയുന്നത് ആര്‍സിബി എന്നാണ്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 127 റണ്‍സിന് പുറത്തായത് ഒരു അബദ്ധമായി കണക്കാക്കാം. മോശം കാലാവസ്ഥയും പിച്ചിലെ സാഹചര്യങ്ങളും അന്ന് തിരിച്ചടിയായിരുന്നു.'' അശ്വിന്‍ വ്യക്തമാക്കി.

സിഎസ്‌കെയുടെ പരീക്ഷണങ്ങള്‍

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ചെന്നൈ ടീമില്‍ വരുത്തുന്ന മാറ്റങ്ങളെയും അശ്വിന്‍ ചോദ്യം ചെയ്തു. ജെയ്മി ഓവര്‍ട്ടണ്‍, മാറ്റ് ഷോര്‍ട്ട് എന്നിവരെ മാറ്റി രാഹുല്‍ ചഹാര്‍, പ്രശാന്ത് വീര്‍ എന്നിവരെ ഇറക്കിയത് ചൂണ്ടിക്കാട്ടി, 'എത്ര മാറ്റങ്ങളാണ് നിങ്ങള്‍ ഇനിയും വരുത്തുക?' എന്ന് അശ്വിന്‍ ചോദിച്ചു. ധോണിയുടെ അഭാവം ടീമിന്റെ ബാലന്‍സിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

ബൗളിംഗ് പ്രതിസന്ധിയില്‍ ആര്‍സിബി

മികച്ച ഫോമിലാണെങ്കിലും ആര്‍സിബി ക്യാമ്പിലും ആശങ്കകള്‍ കുറവല്ല. ടീമിലെ പ്രധാന ബൗളര്‍മാരുടെ അഭാവം അവരെ വലയ്ക്കുന്നുണ്ട്. ജോഷ് ഹേസല്‍വുഡ് പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. നുവാന്‍ തുഷാരയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി ലഭിച്ചിട്ടില്ല. യഷ് ദയാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിന് പുറത്താണ്.

YouTube video player