വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തി ആര്‍ അശ്വിന്‍ നടന്നുകയറിയത് റെക്കോര്‍ഡ് ബുക്കിലേക്കായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 350 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളറെന്ന മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡിനൊപ്പമാണ് അശ്വിന്‍ എത്തിയത്.

ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകള്‍ പിഴുത അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഒരിടവേളക്കുശേഷം ടെസ്റ്റില്‍ വീണ്ടും ഫോമിലേക്കെത്തിയ അശ്വിന്‍ കരിയറിലെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് ഏതെന്ന് ബൗളിംഗ് കോച്ച് ആര്‍ ശ്രീധറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

കരിയറില്‍ ഞാന്‍ നേടിയതില്‍ സ്പെഷലെന്ന് പറയാവുന്ന ഒരുപാട് വിക്കറ്റുകളുണ്ട്. അതിലൊന്ന് തീര്‍ച്ചയായും ടെസ്റ്റില്‍ ആദ്യം നേടിയ ഡാരന്‍ ബ്രാവോയുടെ വിക്കറ്റാണ്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍റണെ നിരവധി തവണ ഞാന്‍ പുറത്താക്കിയിട്ടുണ്ട്.

ബംഗലൂരു ടെസ്റ്റിന്റെ രണ്ടാം ദിനം വാര്‍ണറെ പുറത്താക്കിയതാണ് അതില്‍ ഏറ്റവും വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2015ല്‍ നടന്ന നാഗ്പൂര്‍ ടെസ്റ്റില്‍ എ ബി ഡിവില്ലിയേഴ്സിനെ പുറത്താക്കിയതും തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് അശ്വിന്‍ പറഞ്ഞു.