ജയ്സ്വാളിനെതിരെ പന്തെറിയാനായി ആന്‍ഡേഴ്സണ്‍ റണ്ണപ്പ് തുടങ്ങിയതിന് പിന്നാലെ നോണ്‍ സ്ട്രൈകറായിരുന്ന അശ്വിന്‍ കൈ നീട്ടി ജേഴ്സി ശരിയാക്കിയത് പക്ഷെ ആന്‍ഡേഴ്സണ് തീരെ പിടിച്ചില്ല.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിനും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ വാക് പോര്. രണ്ടാം ദിനം തുടക്കത്തിലെ നോ ബോളെടുത്ത ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ജെയിംസ് ആന്‍ഡേഴ്സണെ പന്തേല്‍പ്പിച്ചു. സ്വിംഗ് കൊണ്ട് യശസ്വി ജയ്സ്വാളിനെയും അശ്വിനെയും ആന്‍ഡേഴ്സണ്‍ വെള്ളംകുടിപ്പിക്കുകയും ചെയ്തു.

ജയ്സ്വാളിനെതിരെ പന്തെറിയാനായി ആന്‍ഡേഴ്സണ്‍ റണ്ണപ്പ് തുടങ്ങിയതിന് പിന്നാലെ നോണ്‍ സ്ട്രൈകറായിരുന്ന അശ്വിന്‍ കൈ നീട്ടി ജേഴ്സി ശരിയാക്കിയത് പക്ഷെ ആന്‍ഡേഴ്സണ് തീരെ പിടിച്ചില്ല. ബൗളിംഗ് ക്രീസിന് അടുത്തെത്തിയ ആന്‍ഡേഴ്സ്ണ്‍ പന്തെറിയാതെ തിരിച്ചു നടന്നു. പിന്നീട് പന്തെറിഞ്ഞ ശേഷം അമ്പയറോട് അശ്വിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പരാതി പറയുകയും ചെയ്തു.

കോലി കഴിഞ്ഞാൽ ഏറ്റവും മൂല്യമുള്ള താരം, അവന്‍റെ അഭാവം ഇന്ത്യയെ തളർത്തും; തുറന്നു പറഞ്ഞ് ഇംഗ്ലണ്ട് മുൻ നായകൻ

എന്നാല്‍ ആന്‍ഡേഴ്സണെ പ്രകോപിപ്പിക്കാന്‍ വേണ്ടി ചെയ്തതാണോ എന്ന് ഉറപ്പ് പറയാനാവില്ലെങ്കിലും അശ്വിനുമായുള്ള പോരാട്ടത്തില്‍ ആന്‍ഡേഴ്സണ്‍ തന്നെ ഒടുവില്‍ ജയിക്കുകയും ചെയ്തു. ബൗണ്ടറിയടിച്ചതിന് പിന്നാലെ മനോഹരമായൊരു ഔട്ട് സ്വിംഗറില്‍ അശ്വിനെ വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിച്ചു.

അശ്വിന്‍റെ ഈ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് വഴിമരുന്നിട്ടത്. 20 റണ്‍സെടുത്ത് പുറത്തായ അശ്വിന് പിന്നാലെ 209 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 395 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 336-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് അവസാന നാലു വിക്കറ്റില്‍ 59 റണ്‍സ് കൂടി കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളു.

Scroll to load tweet…

209 റണ്‍സടിച്ച യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും റെഹാൻ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സെടുത്ത ബെന്‍ ഡക്കറ്റാണ് പുറത്തായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക