ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ജസ്പ്രീത് ബുംറ റൺ-അപ്പിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നിൽ വ്യക്തമായ പദ്ധതിയുണ്ടെന്ന് പേസർ ആകാശ് ദീപ് വ്യക്തമാക്കി.
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ജസ്പ്രീത് ബുംറ റൺ-അപ്പിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് വ്യക്തത നൽകി ഇന്ത്യൻ പേസർ ആകാശ് ദീപ്. പരിശീലനത്തിനിടെയും ബുംറ ഇത്തരം മാറ്റം പരീക്ഷിച്ചിരുന്നുവെന്നും അതിനു പിന്നിൽ വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും ആകാശ് ദീപ് പറഞ്ഞു. നവംബർ 27 വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ച് ഹാഗ്ലി ഓവലിൽ ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ ടോം ബ്ലണ്ടലിന് പന്തെറിയുന്നതിനിടെയാണ് ബുംറ റൺ-അപ്പിൽ മാറ്റം കൊണ്ടുവന്നത്. സാധാരണയായി ഇരു കൈകളിലും പന്ത് പിടിച്ചാണ് ബുംറ റണ്‍ അപ്പ് തുടങ്ങാറുള്ളതെങ്കിലും, ചായയ്ക്ക് മുൻപുള്ള ചെറിയ സ്പെല്ലിൽ ഒരു കൈയിൽ മാത്രം പന്ത് പിടിച്ചാണ് ബുംറ റൺ-അപ്പ് തുടങ്ങിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഒന്നാം ദിനത്തിലെ കളിക്ക് ശേഷം ക്രൈസ്റ്റ്ചർച്ചിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ബുംറയുടെ ബൗളിംഗ് ആക്ഷനിലെ മാറ്റത്തെക്കുറിച്ച് ആകാശ് ദീപിനോട് ചോദിച്ചത്. പരിശീലന സമയത്തും അദ്ദേഹം ഇത്തരമൊരു ബൗളിംഗ് ആക്ഷൻ പരീക്ഷിച്ചിരുന്നു. അതിനു പിന്നിൽ എന്തെങ്കിലും പദ്ധതിയുണ്ടാകാം. എന്തായാലും അത് ജസ്പ്രീത് ബുംറയാണ്, അതിനാൽ അദ്ദേഹം തീർച്ചയായും അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകുമെന്നും ആകാശ് ദീപ് വ്യക്തമാക്കി. ഒന്നാം ദിനത്തിൽ 19 ഓവർ പന്തെറിഞ്ഞ ബുംറയ്ക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല.ആകാശ് ദീപ് 21 ഓവറിൽ 52 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 85 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിലാണുള്ളത്. പിച്ചിനെയും ഒന്നാം ദിനത്തിലെ ബൗളിംഗ് തന്ത്രങ്ങളെയും കുറിച്ച് സംസാരിക്കവെ, രാവിലെ പന്ത് നന്നായി മൂവ് ചെയ്തിരുന്നതിനാൽ ബാറ്റർമാരെ കളിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്ന് ആകാശ് ദീപ് പറഞ്ഞു. പിച്ച് പുതിയതായിരുന്നു. ആദ്യ സെഷനിൽ ഈർപ്പം കൂടുതലായിരുന്നതിനാൽ എഡ്ജുകൾ ക്യാരി ചെയ്തില്ല. രണ്ടാം സെഷനിൽ ഞങ്ങൾ മികച്ച ഏരിയകളിൽ പന്തെറിഞ്ഞു, അത് ഫലം കണ്ടു. വെയിൽ തെളിഞ്ഞു നിന്നാൽ പിച്ച് കൂടുതൽ മെച്ചപ്പെടും. ബാറ്ററെ കളിപ്പിക്കുകയായിരുന്നു എന്റെ പദ്ധതി; അതൊരു സ്വയം തിരിച്ചറിവായിരുന്നു. 90 ശതമാനം സമയവും ബാറ്ററെ കളിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ആദ്യ സെഷനിൽ പന്ത് നന്നായി മൂവ് ചെയ്തിരുന്നുവെന്നും ആകാശ് ദീപ് കൂട്ടിച്ചേർത്തു. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഗുർനൂർ ബ്രാറിനെ ടീമിൽ ഉൾപ്പെടുത്തി ഒരൊറ്റ മാറ്റവുമായാണ് ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിന് ഇന്ത്യ ഇറങ്ങിയത്.












