ആദ്യ ടെസ്റ്റില്‍ റണ്ണിംഗിനിടെ രവീന്ദ്ര ജഡേജയ്ക്ക് പേശി വലിവ് അനുഭവപ്പെട്ടിരുന്നു. താരത്തിന് മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഇപ്പോഴാണ് സ്ഥിരീകരണം വന്നത്.

ഹൈദരാബാദ്: ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് ഇരട്ട പ്രഹരം. പരിക്കിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നിവരെ രണ്ടാം ടെസ്റ്റില്‍ നിന്നൊഴിവാക്കി. വിശാഖപ്പട്ടണത്ത് ഫെബ്രുവരി രണ്ടിനാണ്ട് അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. ഇരുവര്‍ക്കും പകരമായി മൂന്ന് പേരെ ടിമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെത്തിയത്.

ആദ്യ ടെസ്റ്റില്‍ റണ്ണിംഗിനിടെ രവീന്ദ്ര ജഡേജയ്ക്ക് പേശി വലിവ് അനുഭവപ്പെട്ടിരുന്നു. താരത്തിന് മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഇപ്പോഴാണ് സ്ഥിരീകരണം വന്നത്. രാഹുലിന്റെ വലത് കാര്‍തുടയ്ക്കാണ് പരിക്കേല്‍ക്കുന്നത്. ജഡേജയ്ക്കും രാഹുലിനും എത്ര മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായിട്ടില്ല. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നു. ഇംഗ്ലണ്ട് എയ്‌ക്കെതിരെ 161 പന്തില്‍ 160 റണ്‍സാണ് നേടിയത്. 18 ഫോറും അഞ്ച് സിക്‌സും അതില്‍ ഉള്‍പ്പെടും.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍, രജത് പടിധാര്‍, സര്‍ഫറാസ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍. 

അതേസമയം, ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി.

ഇതിഹാസങ്ങള്‍ മുമ്പും അര്‍ജന്റൈന്‍ ടീമിനോട് വിട പറഞ്ഞിട്ടുണ്ട്! മെസിയുടെ വിരമിക്കലിനെ കുറിച്ച് സ്‌കലോണി