മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആക്ഷേപിച്ച് വീണ്ടും വിവാദത്തിൽ കുടുങ്ങി മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ജഡേജയ്‌ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന പരാമർശമാണ് പുതിയ വിവാദം.

രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്ന് 2019 ലോകകപ്പിനിടെ മഞ്ജരേക്കർ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. അന്നത് ട്വിറ്റർ യുദ്ധത്തിന് തുടക്കമിട്ടെങ്കിലും വാക്ക് കൊണ്ടും ബാറ്റ് കൊണ്ടും ജഡേജ മറുപടി നൽകിയപ്പോൾ വിവാദം തെല്ലൊന്നടങ്ങി. അന്നത്തെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ആരാധകന് മഞ്ജരേക്കർ നൽകിയ മറുപടിയാണ് പുതിയ പോർമുഖം തുറന്നത്.

"താരങ്ങളെ നിങ്ങളെ പോലെ ആരാധിക്കാൻ എനിക്കാവില്ല. ഞാൻ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്നയാളാണ്. ഇംഗ്ലീഷ് അറിയാത്ത ജഡേജയ്‌ക്ക് പൊട്ടും പൊടിയും എന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലായിട്ടില്ല". ഇതായിരുന്നു മഞ്ജരേക്കറുടെ പരാമർശം. സൂര്യ നാരായൺ എന്ന ആരാധകൻ ട്വിറ്ററിലൂടെ ഇതിന്‍റെ സ്‌ക്രീന്‍ഷോട്ട് പരസ്യമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവമായത്. എന്നാൽ സംഭവത്തിൽ മഞ്ജരേക്കറോ ജഡേജയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ മഞ്ജരേക്കറിനെതിരെ ആരാധകരുടെ പ്രതിഷേധം ഉയരുകയാണ്. നിലവില്‍ ടീം ഇന്ത്യയുടെ അഭിഭാജ്യ താരമാണ് ജഡേജ. ടെസ്റ്റില്‍ 51 മത്സരങ്ങളില്‍ 1954 റണ്‍സും 220 വിക്കറ്റും, 168 ഏകദിനങ്ങളില്‍ 2411 റണ്‍സും 188 വിക്കറ്റും ജഡ്ഡുവിനുണ്ട്.  

അശ്വിനെതിരെയും മഞ്ജരേക്കര്‍

സീനിയര്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെതിരെ കഴിഞ്ഞ ദിവസം മഞ്ജരേക്കർ നടത്തിയ പരാമർശവും വിവാദമായിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ ടീമുകൾക്ക് എതിരെ അവരുടെ നാട്ടിൽ ഒറ്റ അഞ്ച് വിക്കറ്റ് പ്രകടം പോലുമില്ലാത്ത അശ്വിൻ എക്കാലത്തെയും മികച്ച സ്‌പിന്നർ അല്ലെന്ന് ആയിരുന്നു മഞ്ജരേക്കറുടെ പരാമർശം. മറുപടിയായി അശ്വിൻ ഇട്ട ട്രോൾ പോസ്റ്റ് ആരാധകർ ആഘോഷമാക്കിയിരുന്നു. 

ഡോണ്‍ ബ്രാഡ്‌മാന്‍, ഗാരി സോബേഴ്‌സ്, സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയവരാണ് തന്‍റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലുള്ളതെന്നും അശ്വിന്‍ ആ തലത്തില്‍ എത്തിയിട്ടില്ലെന്നും വിശദീകരണവുമായി മഞ്ജരേക്കര്‍ പിന്നാലെ രംഗത്തെത്തി. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ബാറ്റ്സ്‌മാന്‍മാരെ സമ്മര്‍ദത്തിലാക്കിയും വിക്കറ്റ് വീഴ‌്ത്തിയുമുള്ള അശ്വിന്‍റെ പ്രകടനം മുന്നിലുണ്ടെന്നും എട്ടാം നമ്പറിലെ മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ് അദേഹമെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. 

നിലവില്‍ 78 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ 24.69 ശരാശരിയില്‍ 409 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 30 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പടെയാണിത്. ബാറ്റിംഗിലും അശ്വിന്‍റെ റെക്കോര്‍ഡ് മോശമല്ല. ലോവര്‍ ഓഡറില്‍ ബാറ്റിംഗിന് ഇറങ്ങിയിട്ടും അഞ്ച് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും സഹിതം 2656 റണ്‍സ് അശ്വിനുണ്ട്. 124 ആണ് ഉയര്‍ന്ന സ്‌കോര്‍. 

പന്തിനെ ആദ്യമായി ടീമിലെടുത്തപ്പോള്‍ അനാവശ്യ സംസാരമുണ്ടായി; തുറന്നുപറഞ്ഞ് മുന്‍ സെലക്റ്റര്‍

'വലിയ മത്സരങ്ങളില്‍ മികവ് തെളിയിക്കാനാവണം!' കോലിയെ മെസിയോട് ഉപമിച്ച് മുന്‍ പാക് താരം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona