രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്താണ് ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. രോഹിത്തും പന്തും തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് തകര്‍ത്തടിച്ചതോടെ ഇന്ത്യ 4.5 ഓവറില്‍ 49 റണ്‍സിലെത്തി.

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 29 പന്തില്‍ 46 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ നാലും അരങ്ങേറ്റ മത്സരം കളിച്ച റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നു വിക്കറ്റുമെടുത്തു.

തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച

Scroll to load tweet…

രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്താണ് ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. രോഹിത്തും പന്തും തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് തകര്‍ത്തടിച്ചതോടെ ഇന്ത്യ 4.5 ഓവറില്‍ 49 റണ്‍സിലെത്തി. എന്നാല്‍ അരങ്ങേറ്റക്കാരന്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ പന്തെറിയാനെത്തിയതോടെ ഇന്ത്യ തകര്‍ന്നു. ആദ്യം രോഹിത്തിനെ(20 പന്തില്‍ 31) മടക്കിയ ഗ്ലീസണ്‍ പിന്നാലെ റിഷഭ് പന്തിനെ(15 പന്തില്‍ 26) വീഴ്ത്തി. വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി(1) നേരിട്ട മൂന്നാം പന്തില്‍ വമ്പനടിക്ക് ശ്രമിച്ച് പുറത്തായി. ഗ്ലീസണ്‍ തന്നെയായിരുന്നു കോലിയെയും വഴ്ത്തിയത്.

Scroll to load tweet…

നടുവൊടിച്ച് ജോര്‍ദ്ദാന്‍

മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പവര്‍ പ്ലേയില്‍ 61 റണ്‍സടിച്ച ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും മടക്കി ജോര്‍ദ്ദാന്‍ ഇന്ത്യയുടെ നടുവൊടിച്ചു. 11 പന്തില്‍ 15 റണ്‍സെടുത്ത് സൂര്യകുമാറും 15 പന്തില്‍ 12 റണ്‍സെടുത്ത് ഹാര്‍ദ്ദിക്കും മടങ്ങിയതോടെ 89-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ജഡേജയും കാര്‍ത്തിക്കും ചേര്‍ന്ന് 100 കടത്തി. എന്നാല്‍ കാര്‍ത്തിക് (12)റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ വാലറ്റക്കാരായ ഹര്‍ഷല്‍ പട്ടേലിനെ(13) കൂട്ടുപിടിച്ച് ജഡേജ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 170ല്‍ എത്തിച്ചത്. 29 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജ അഞ്ച് ബൗണ്ടറി നേടി.

ഇംഗ്ലണ്ടിനായി റിച്ചാര്‍ഡ് ഗ്ലീസണ്‍ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് ജോര്‍ദാന്‍ നാലോവറില്‍ 27 റണ്‍സിന് നാലു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലർ ബൗളിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി റിച്ചാർഡ് ഗ്ലീസന്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഡേവിഡ് വില്ലിയും പ്ലേയിംഗ് ഇലവനിലെത്തി. ടോപ്‍ലിയും മില്‍സുമായി പുറത്തായി.

നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്സർ പട്ടേല്‍, അർഷ്‍ദീപ് സിംഗ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലില്ലാത്തത്. ഇന്ന് ജയിച്ചാല്‍ ഒരു മത്സരം അവശേഷിക്കേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.