മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി ഇന്ത്യക്ക് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജ മറ്റൊരു അപൂര്‍വനേട്ടത്തിന് കൂടി ഉടമയായി. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി ഇറങ്ങിയതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി 50 മത്സരങ്ങള്‍ വീതം കളിക്കുന്ന മൂന്നാമത്തെ മാത്രം കളിക്കാരനെന്ന ചരിത്രനേട്ടമാണ് ജഡേജ സ്വന്തമാക്കിയത്.

എം എസ് ധോണിയും വിരാട് കോലിയും മാത്രമാണ് ജഡേജക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച രണ്ട് താരങ്ങള്‍. ജഡേജ ഇതുവരെ ഇന്ത്യക്കായി 50 ടെസ്റ്റിലും 168 ഏകദിനങ്ങളിലും 50 ടി20 മത്സരങ്ങളിലും കളിച്ചു. അപൂര്‍വനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും പിന്തുണക്കുകയും ചെയ്ത ബിസിസിഐക്കും ടീമിലെ സഹകളിക്കാര്‍ക്കും ജഡേജ നന്ദി പറഞ്ഞു.

2004ല്‍ അരങ്ങേറിയ ധോണി ഇന്ത്യക്കായി 90 ടെസ്റ്റിലും 350 ഏകദിനങ്ങളിലും 98 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. വിരാട് കോലിയാകട്ടെ 87 ടെസ്റ്റിലും 251 ഏകദിനങ്ങളിലും 85 ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു.