Asianet News MalayalamAsianet News Malayalam

വിരലില്‍ പൊട്ടല്‍; ജഡേജയും ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് പുറത്ത്

സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യന്‍ ഇന്നിംഗ്സിലെ 99-ാം ഓവറിലാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ കളിക്കാനുള്ള  ശ്രമത്തിനിടെ ജഡേജയുടെ ഇടംകൈയിലെ ഗ്ലൗസില്‍ പന്ത് കൊണ്ടത്. 

Ravindra Jadeja ruled out of Test series with fractured thumb
Author
Sydney NSW, First Published Jan 9, 2021, 8:51 PM IST

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയിന്‍റെ തള്ളവിരലില്‍ കൊണ്ട  ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. സ്കാനിംഗിന് വിധേയനാക്കിയ ജഡേജയുടെ വിരലിലെ എല്ലില്‍ പൊട്ടലുണ്ടെന്നും ജഡേജക്ക് നാലു മുതല്‍ ആറാഴ്ച വരെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഇതോടെ മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും ജഡേജയുടെ സേവനം ഇന്ത്യക്ക് നഷ്ടമാവും. ആറാഴ്ച വിശ്രമം നിര്‍ദേശിച്ചതോടെ അടുത്തമാസം അഞ്ചിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലും ജഡേജക്ക് കളിക്കാനാവില്ല. ജഡേജയുടെ തള്ളവിരല്‍ സ്ഥാനം തെറ്റിയെന്നും എല്ലില്‍ പൊട്ടലുണ്ടാവാനുളള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കാനിംഗ് റിപ്പോര്‍ട്ട് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. 

സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യന്‍ ഇന്നിംഗ്സിലെ 99-ാം ഓവറിലാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ കളിക്കാനുള്ള  ശ്രമത്തിനിടെ ജഡേജയുടെ ഇടംകൈയിലെ ഗ്ലൗസില്‍ പന്ത് കൊണ്ടത്. റീപ്ലേകളില്‍ പന്ത് ജഡേജയുടെ ഇടത് തള്ളവിരലിലാണ് കൊണ്ടതെന്ന് വ്യക്തമായിരുന്നു. ഫിസിയോയുടെ സഹായം തേടി ബാന്‍ഡേജിട്ട് ജഡേജ ബാറ്റിംഗ് തുടര്‍ന്ന ജഡേജ അവസാന ബാറ്റ്സ്മാനായ മുദമ്മദ് സിറാജിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

Ravindra Jadeja ruled out of Test series with fractured thumb

ഓസീസ് ലീഡ് 100ല്‍ താഴെയാക്കി കുറക്കുന്നതില്‍ ജഡേജയും സിറാജും നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ സിറാജ് പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു. പിന്നീട് ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഫീല്‍ഡിംഗിന് ഇറങ്ങാതിരുന്ന ജഡേജയെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.

ബൗള്‍ ചെയ്യാന്‍ ജഡേജ ഇല്ലാതിരുന്നത് ഇന്ത്യന്‍ ബൗളിംഗിനെ കാര്യമായി ബാധിക്കുകയും ചെയ്തു. ജഡേജയുടെ പകരക്കാരനായ മായങ്ക് അഗര്‍വാളാണ് ഫീല്‍ഡിംഗിന് ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റു വീഴ്ത്തിയ ജഡേജ സ്റ്റീവ് സ്മിത്തിനെ ബുള്ളറ്റ് ത്രോയിലൂടെ റണ്ണൗട്ടാക്കുകയും ചെയ്തിരുന്നു. 

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്ക് മൂലം മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, എന്നിവരകെ നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ ഓസീസ് പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. മൂന്നാം ദിനം റിഷഭ് പന്തിന്‍റെ കൈത്തണ്ടയിലും പന്തുകൊണ്ട് പരിക്കേറ്റെങ്കിലും എല്ലിന് പൊട്ടലില്ലെന്നാണ് സ്കാനിംഗ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios