ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലുണ്ടാവില്ലെന്ന സൂചന, വികാരാധീനനായി രവീന്ദ്ര ജഡേജ; വിരമിച്ചെന്ന് സോഷ്യല്‍ മീഡിയ
പലതരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. താരം വിരമിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സ് അനുമാനിക്കുന്നത്.
അഹമ്മദാബാദ്: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച തന്റെ ടെസ്റ്റ് ജേഴ്സിയുടെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതോടെ പലതരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. താരം വിരമിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സ് അനുമാനിക്കുന്നത്. 2024 ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയതിന് ശേഷം വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കുമൊപ്പം ജഡേജ ടി20 ഐയില്‍ നിന്ന് വിരമിച്ചിരുന്നു. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു ജഡേജ. എങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മാത്രമല്ല ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ടാണ് തന്‍റെ അവസാന മത്സരത്തിലെ ജേഴ്സിയുടെ ചിത്രം പങ്കുവച്ചതെന്ന് സോഷ്യല്‍ മീഡിയ സംസാരം. ചില പോസ്റ്റുകള്‍ വായിക്കാം...
ഓസീസിനെതിരെ ബ്രിസ്ബേന്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ 77 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മൊത്തത്തില്‍, മൂന്ന് മത്സരങ്ങളില്‍ നിന്ന് 135 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ. മാത്രമല്ല നാല് വിക്കറ്റ് മാത്രമാണ് നേടാനായത്. പരമ്പരയില്‍ ഇന്ത്യ 1-3 ന് ഇന്ത്യ തോറ്റിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം ബിസിസിഐയുടെ നിരീക്ഷണത്തിലാണ്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയേക്കും.
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കും അതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കും തയ്യാറെടുക്കുകയാണ് ഇന്ത്യ. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട്, ഇന്ത്യയില്‍ കളിക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ 12ന് തിരഞ്ഞെടുക്കും.