ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ വരുമ്പോള്‍ മഴ ഭീഷണി. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ടീമിന് കിരീടം ലഭിക്കും.

അഹമ്മദാബാദ്: നാളെ ഐപിഎല്‍ കലാശപ്പോരിന് ഒരുങ്ങുകയാണ് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇരുവരും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലില്‍ പ്രവേശിക്കുന്നത്. പഞ്ചാബ് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. ഇരുവരും നാളെ നേര്‍ക്കുനേര്‍ വരുമ്പോള്‍ മഴ ഭീഷണിയാണ്. രണ്ടാം ക്വാളിഫയര്‍, മഴയെ തുടര്‍ന്ന് കൃത്യമായ സമയത്ത് തുടങ്ങാന്‍ സാധിച്ചിരുന്നില്ല.

നാളെ ഫൈനലിനിടെ മഴ പെയ്താല്‍ എന്ത് ചെയ്യുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ അന്വേഷിക്കുന്നത്. നാളെ മത്സരം മഴ തടസപ്പെടുത്തിയാലും ഫൈനലിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. നാളെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുധനാഴ്ച്ച വീണ്ടും. അന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ടീം ചാംപ്യന്മാരാവും. പഞ്ചാബ് കിംഗ്‌സായിരുന്നു 18-ാം സീസണില്‍ ഒന്നാമത് എത്തിയിരുന്നത്. ആര്‍സിബി രണ്ടാം സ്ഥാനത്തായിരുന്നു. ഇരുവര്‍ക്കും 19 പോയിന്റുകള്‍ വീതമാണ് ഉണ്ടായിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ പഞ്ചാഞ്ച്, ആര്‍സിബിയെ മറികടക്കുകയായിരുന്നു.

അതേസമയം, ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനോട് തോറ്റ് പുറത്തായതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ ഉറപ്പിച്ചു. 15 മത്സരങ്ങളില്‍ 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ 650 റണ്‍സടിച്ച ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ സായ് സുദര്‍നെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ സൂര്യകുമാര്‍ യാദവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ 26 പന്തില്‍ 44 റണ്‍സെടുത്ത് സൂര്യകുമാറും ഫൈനലിലെത്താതെ മുംബൈ ഇന്ത്യന്‍സും പുറത്തായതോടെ സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് സേഫാക്കി. 627 റണ്‍സുമായി നാലാം സ്ഥാനത്തുള്ള മിച്ചല്‍ മാര്‍ഷിനും ഇനി മുന്നേറാന്‍ അവസരമില്ല. 614 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള വിരാട് കോലിക്കും 603 റണ്‍സുമായി ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യര്‍ക്കും മാത്രമാണ് ഇനി സായ് സുദര്‍ശന് എന്തെങ്കിലും ഭീഷണി ഉയര്‍ത്താനാവു. എന്നാല്‍ സായ് സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കില്‍ വിരാട് കോലെ നാളെ ഫൈനലില്‍ 146 റണ്‍സും ശ്രേയസ് അയ്യര്‍ 157 റണ്‍സും നേടേണ്ടിവരും.