ക്രിക്കറ്റ് ബോര്‍ഡിനെതിരെ കോടതിയില്‍ പോയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള സന്നദ്ധതയും തുഷാര അറിയിച്ചതായി ശ്രീലങ്കൻ മാധ്യമമായ 'ന്യൂസ്‌വയർ' റിപ്പോര്‍ട്ട് ചെയ്തു.

കൊളംബോ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ശ്രീലങ്കൻ പേസർ നുവാൻ തുഷാര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ കോടതിയെ സമീപിച്ചു. ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി എൻഒസി നിഷേധിച്ചതിനെത്തുടർന്നാണ് തുഷാര കോടതിയെ സമീപിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവ, സെക്രട്ടറി ബന്ദുല ദിസനായകെ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് കൊളംബോ ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസ് ഏപ്രിൽ 9-ന് കോടതി വീണ്ടും പരിഗണിക്കും.

ക്രിക്കറ്റ് ബോര്‍ഡിനെതിരെ കോടതിയില്‍ പോയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള സന്നദ്ധതയും തുഷാര അറിയിച്ചതായി ശ്രീലങ്കൻ മാധ്യമമായ 'ന്യൂസ്‌വയർ' റിപ്പോര്‍ട്ട് ചെയ്തു. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തുഷാരയ്ക്ക് എൻഒസി നിഷേധിച്ചത്. എന്നാല്‍ തന്‍റെ കരിയറിലുടനീളം നിലവിലുള്ള അതേ ഫിറ്റ്‌നസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും, മുൻപ് ഇതേ സാഹചര്യത്തിൽ എൻഒസി ലഭിച്ചിട്ടുണ്ടെന്നും തുഷാര കോടതിയിൽ ബോധിപ്പിച്ചു. ഐപിഎല്ലിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടവും കരിയറിലെ മികച്ച അവസരവും തനിക്ക് നഷ്ടപ്പെടുമെന്നും തുഷാര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിഎൽ വിവാദങ്ങൾക്ക് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റുമായുള്ള കരാർ പുതുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് തുഷാര ബോർഡിനെ അറിയിച്ചു. മാർച്ച് 31-ഓടെ ബോർഡുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ, രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ തീരുമാനം. 2025-ലെ ഐപിഎല്‍ താര ലേലത്തിൽ 1.6 കോടി രൂപയ്ക്കാണ് ആർസിബി തുഷാരയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കന്നി ഐപിഎല്‍ കിരീടം നേടിയ ആർസിബി ടീമിന്‍റെ ഭാഗമായിരുന്നു തുഷാര. ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ആർസിബി തകർപ്പൻ വിജയത്തുടക്കമിട്ടിരുന്നു.