തിക്കിലും തിരക്കിലും പെട്ട് 9 മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 15ഓളം പേര്‍ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. 

ഇത്ര പെട്ടെന്ന് ബെംഗളൂരു പോലെയൊരു നഗരത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. അപകട സാധ്യത മുന്നിൽ കണ്ട് പൊലീസ് ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരിപാടി നടത്താൻ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തിലേയ്ക്ക് ഇരച്ചുകയറാൻ ജനങ്ങൾ ശ്രമിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. 

അപകടമുണ്ടായതിന് പിന്നാലെ ബെംഗളൂരുവിൽ നിന്ന് മടങ്ങാനായി ജനങ്ങൾ ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുരന്തമുണ്ടായ സ്ഥലത്തേയ്ക്ക് തിരക്ക് കാരണം ആംബുലൻസുകൾക്ക് കടന്നുചെല്ലാൻ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

Updating...