ലഭിക്കുന്ന അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുക. 2015ല്‍ ഇന്ത്യന്‍ ടീമിലെത്തിയതിനേക്കാള്‍ ഒരുപാട് മാറ്റം ജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയാറാണെന്ന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഈ വിളി പ്രതീക്ഷച്ചിരുന്നു. പ്രത്യേകിച്ചും വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറി അടിച്ച ഇന്നിംഗ്സിനുശേഷം.

ലഭിക്കുന്ന അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുക. 2015ല്‍ ഇന്ത്യന്‍ ടീമിലെത്തിയതിനേക്കാള്‍ ഒരുപാട് മാറ്റം ജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുണ്ട്. കുറെ വിജയങ്ങളും പരാജയങ്ങളും ഉണ്ടായി. മോശം സമയവും നല്ല സമയവും മാറി മാറി വന്നിട്ടുണ്ട്. മോശം സമയത്ത് കൂടെനിന്നവരുണ്ട്. നല്ലസമയത്ത് എന്റെ ശക്തിയെയും ദൗര്‍ബല്യത്തെയുക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു.

അതുകൊണ്ടുതന്നെ കുറച്ചുകൂടി പക്വതയുള്ള വ്യക്തിയും കളിക്കാരാനുമായാണ് താന്‍ സ്വയം വിലയിരുത്തുന്നതെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഋഷഭ് പന്ത് തന്നെയായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറെന്ന് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് വ്യക്തമാക്കിയ സാഹചര്യത്തില്‍ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായും സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ പരിഗണിക്കുക എന്നാണ് സൂചന. നേരത്തെ സഞ്ജുവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ് അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.