മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം മുറുകിയിരിക്കെ റയല്‍ മാഡ്രിഡിന് തിരിച്ചടി. ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന് സീസണില്‍ ഇനി കളിക്കാനാകില്ല. ബെല്‍ജിയം ദേശീയ ടീം പരിശീലകന്‍ റോബര്‍ട്ട് മാര്‍ട്ടിനെസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് മാസമെങ്കിലും ഹസാര്‍ഡിന് വിശ്രമം വേണ്ടിവരുമെന്നും മാര്‍ട്ടിനെസ് പറഞ്ഞു.

ലാ ലിഗയില്‍ കഴിഞ്ഞ ശനിയാഴ്ച ലെവാന്റയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ഹസാര്‍ഡിന് പരിക്കേറ്റത്. പരിക്ക് കാരണം നവംബറിന് ശേഷം വിശ്രമത്തിലായിരുന്ന ഹസാര്‍ഡ്, ഈ മാസം 16നായിരുന്നു കളിക്കളത്തിലേക്ക് തിരിച്ചുവന്നത്. 

ചെല്‍സിയില്‍ നിന്ന് വലിയ പ്രതീക്ഷയോടെ മാഡ്രിഡിലെത്തിയ ഹസാര്‍ഡിന് 15 കളിയില്‍ മാത്രമാണ് ഇറങ്ങാനായത്. ലീഗില്‍ രണ്ടാം സ്ഥാനത്താണ് റയല്‍. 25 മത്സരങ്ങളില്‍ 53 പോയിന്റാണ് റയലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക ഇത്രയും മത്സരങ്ങളില്‍ നിന്ന് 55 പോയിന്റുണ്ട്.