15-കാരനായ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ 18 പന്തിലാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ഹരാരെ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. 15കാരനായ സൂര്യവംശി സിംബാബ്‌വെക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. 15 വര്‍ഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം. ഐസിസി മുഴുവന്‍ അംഗത്വമുള്ള ടീമുകളെ എടുത്താല്‍, അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിന്റെ പേരിലായിരുന്നു റെക്കോഡ്. 2019ല്‍ സിംബാബ്‌വെക്കെതിരെ ഗുര്‍ബാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 17 വര്‍ഷവും 296 ദിവസവുമായിരുന്നു പ്രായം.

ആദ്യത്തെ ടി20 അന്താരാഷ്ട്ര അര്‍ദ്ധശതകം നേടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാര്‍

15 വയസ് 118 ദിവസം - വൈഭവ് സൂര്യവംശി (ഇന്ത്യ) vs സിംബാബ്വെ, ഹരാരെ, 2026

16 വയസ് 56 ദിവസം - ലൂയിസ് ബ്രൂസ് (ജിബ്രാള്‍ട്ടര്‍) ്‌ െമാള്‍ട്ട, അല്‍ബെര്‍ഗാരിയ, 2021

16 വയസ്സ് 76 ദിവസം - കവിന്‍ ചദ്ദ (ഇന്തോനേഷ്യ) vs സ്വീഡന്‍, ബാലി, 2026

16 വയസ്സ് 89 ദിവസം - അലൂസിന്‍ തുറേ (സിയറ ലിയോണ്‍) vs ഘാന, ബെനോണി, 2023

16 വയസ്സ് 118 ദിവസം - ടെന്‍ജിന്‍ റാബ്‌ഗേ (ഭൂട്ടാന്‍) vs ചൈന, കൗലാലംപൂര്‍, 2023

സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 126 റണ്‍സാണ് വിജയലക്ഷ്യം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് തകര്‍ത്തത്. പ്രിന്‍സ് യാദവിനും രണ്ട് വിക്കറ്റുണ്ട്. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 34 പന്തില്‍ 39 റണ്‍സെടുത്ത വെസ്ലി മധെവേരെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. റ്യാന്‍ ബേള്‍ 35 പന്തില്‍ 29 റണ്‍സെടുത്തു. തദിവനാഷി മരുമാനിയും (20 പന്തില്‍ പുറത്താവാതെ 27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളിലെ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. പേസര്‍ അശോക് ശര്‍മ ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍ അരങ്ങേറി. മായങ്ക് യാദവ് തിരിച്ചെത്തുകയും ചെയ്തു.

മത്സരത്തില്‍ പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ സിംബാബ്‌വെക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ ബ്രയാന്‍ ബെന്നറ്റ് (0) മടങ്ങി. മായങ്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. പിന്നാലെ ബെന്‍ കറന്‍ (10), ഡിയോണ്‍ മെയേഴ്‌സ് (6) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്ക് (4) തിളങ്ങാന്‍ സാധിച്ചതുമില്ല. പിന്നീട് ബേള്‍ - മധെവേരെ സഖ്യം കൂട്ടിചേര്‍ത്ത 32 റണ്‍സ് ആതിഥേയര്‍ക്ക് നേരിയ ആശ്വാസം നല്‍കി. 14-ാം ഓവറില്‍ ബേള്‍ മടങ്ങി. തുടര്‍ന്ന് മധെവേരെ - തദിവനാഷി മരുമാനി സഖ്യം കൂട്ടിചേര്‍ത്ത 57 റണ്‍സ് സിംബാബ്‌വെയെ മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. മധെവേരെ അവസാന ഓവറിലെ രണ്ടാം പന്തില്‍ മടങ്ങി. തൊട്ടുപിന്നാലെ ബ്രാഡ് ഇവാന്‍സും (0) ഗോള്‍ഡന്‍ ഡക്കായി.

YouTube video player