റിലയന്‍സ് അഖിലേന്ത്യ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കശ്മീരിനെതിരെ കേരളം ഇന്നിങ്‌സിനും 215 റണ്‍സിനും തകര്‍പ്പന്‍ വിജയം നേടി. അമയ് മനോജിന്റെ അപരാജിത സെഞ്ചുറിയും ബൗളര്‍മാരുടെ മികച്ച പ്രകടനവുമാണ് കേരളത്തിന് കൂറ്റന്‍ ജയം സമ്മാനിച്ചത്.
അഹമ്മദാബാദ് : റിലയന്‍സ് അഖിലേന്ത്യ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കശ്മീരിനെതിരെ തകര്‍പ്പന്‍ വിജയവുമായി കേരളം. ഒരിന്നിങ്‌സിനും 215 റണ്‍സിനുമായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ ഇന്നിങ്‌സില്‍ 352 റണ്‍സിന്റെ ലീഡ് വഴങ്ങിയ ജമ്മു കശ്മീര്‍ രണ്ടാം ഇന്നിങ്‌സില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ചുറി നേടിയ അമയ് മനോജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കശ്മീര്‍ ആദ്യ ഇന്നിങ്‌സില്‍ 118 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി ലെറോയ് ജോക്വിന്‍ നാലും ഇഷാന്‍ കുനാലും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റിന് 470 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കേരളത്തിന് വേണ്ടി അമയ് മനോജ് പുറത്താകാതെ 100 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹൃഷികേശ് 90-ഉം മാനവ് കൃഷ്ണ 83-ഉം ഇമ്രാന്‍ അഷ്‌റഫ് 71-ഉം സംഗീത് സാഗര്‍ 54-ഉം റണ്‍സെടുത്തു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ കശ്മീര്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ഇഷാന്‍ കുനാല്‍ നാലും തോമസ് മാത്യു രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

