ഒരു പരമ്പരയില്‍ ആറാം സ്ഥാനത്തോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. നേരത്തെ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവരും 500 റണ്‍സിനപ്പുറം കടന്നിരുന്നു. ഇതോടെ ചില റെക്കോഡുകളും ജഡേജയെ തേടിയയത്തി. ഇന്ത്യക്ക് വേണ്ടി ഒരു പരമ്പരയില്‍ ആറാം സ്ഥാനത്തോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ജഡേജ. വിവിഎസ് ലക്ഷ്മണ്‍ (474), രവി ശാസ്ത്രി (374), റിഷഭ് പന്ത് (350) എന്നിവര്‍ ജഡേജയുടെ പിന്നിലായി.
ഓവലില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു ജഡേജ. പരമ്പരയില്‍ ആറാം തവണയാണ് താരം 50+ സ്‌കോര്‍ കടക്കുന്നത്. ഒരു പരമ്പരയില്‍ 500+ സ്‌കോര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഓള്‍റൌണ്ടറാണ് ജഡേജ. ലോകത്താകെ എടുത്താല്‍ നാലാമത്തെ താരവും. ഗാരി സോബേഴ്‌സ്, ഇയാന്‍ ബോതം, ജാക്വസ് കാലിസ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും മറികടക്കുന്ന പ്രകടനമായിരുന്നു ജഡേജയുടേത്. സച്ചിന് തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരിക്കല്‍ പോലും ഒരു പരമ്പരയില്‍ 500 കടക്കാന്‍ സാധിച്ചിട്ടില്ല.
2007-2008 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 493 നേടിയതാണ് മികച്ച പ്രകടനം. ഇക്കാര്യത്തില്‍ സച്ചിനെ മറികടക്കാന്‍ ജഡേജയ്ക്ക് സാദിച്ചു. ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന താരം കൂടിയാണ് ജഡേജ (6). അഞ്ച് അര്‍ധ സെഞ്ചുറികള്‍ വീതം നേടിയ സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി, റിഷഭ് പന്ത് എന്നിവരെ ജഡേജ മറികടന്നു.

