Asianet News MalayalamAsianet News Malayalam

ബിസിസിഐ നിര്‍ദേശം ഏറ്റെടുത്ത് രോഹിത് ശര്‍മ! എല്ലാ ഐപിഎല്‍ മത്സരങ്ങളും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്

ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐപിഎല്ലിലെ ചില മത്സരങ്ങള്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജോലിഭാരം കുറയ്ക്കുന്നതിനും ആവശ്യത്തിന് വിശ്രമമെടുക്കുന്നതിനും വേണ്ടിയാണിത്. അദ്ദേഹത്തിന് പകരം സൂര്യകുമാര്‍ യാദവ് മുംബൈയെ നയിക്കും.

reports says mumbai indians captain rohit sharma sit out of few games and suryakumar to lead saa
Author
First Published Mar 29, 2023, 12:27 AM IST

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. പരമ്പര അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. പലര്‍ക്കും വിശ്രമിക്കാനുള്ള സമയം കിട്ടിയില്ലെന്നുള്ളത് വാസ്തവമാണ്. ഇതിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിസിസിഐ രംഗത്തെത്തിയിരുന്നു. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും അടുത്തിരിക്കെ എല്ലാ താരങ്ങളും പരിക്കേല്‍ക്കാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. 

ഇതിനിടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപില്‍ നിന്ന് ഒരു വാര്‍ത്തയെത്തുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐപിഎല്ലിലെ ചില മത്സരങ്ങള്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജോലിഭാരം കുറയ്ക്കുന്നതിനും ആവശ്യത്തിന് വിശ്രമമെടുക്കുന്നതിനും വേണ്ടിയാണിത്. അദ്ദേഹത്തിന് പകരം സൂര്യകുമാര്‍ യാദവ് മുംബൈയെ നയിക്കും. ബിസിസിഐയുടെ നിര്‍ദേശം രോഹിതും മുംബൈ ഇന്ത്യന്‍സും മുഖവിലയ്‌ക്കെടുത്തു എന്ന് വേണം കരുതാന്‍. ഏപ്രില്‍ രണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. 

കഴിഞ്ഞ സീസണില്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയുടെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സൂര്യയെ സ്ഥാനമേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രോഹിത് വിട്ടുനില്‍ക്കുമ്പോള്‍ നയിക്കേണ്ട ചുമതല സൂര്യക്കായി. ടി20 ക്രിക്കറ്റില്‍ ലോക ഒന്നാംനമ്പര്‍ ബാറ്റ്‌സ്മാനായ സൂര്യ നേരത്തെ ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് രോഹിത്. അഞ്ച് തവണ അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. ഏറ്റവും കൂടുതല്‍ കിരിടം നേടിയ ക്യാപ്റ്റനും രോഹിത് തന്നെ. 

ഏകദിന ലോകകപ്പ് കൂടാതെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇതുകൂടി മുന്നില്‍ കണ്ടാണ് ബിസിസിഐയുടെ നിര്‍ദേശം. പരിശീലനത്തിന്റെ ഭാഗമായി കളിക്കാര്‍ ഫീല്‍ഡിംഗ് ഡ്രില്‍ ചെയ്യണമെങ്കിലും മെയ് ആദ്യവാരം വരെ ഇന്ത്യന്‍ താരങ്ങളെ അതിനായി നിര്‍ബന്ധിക്കരുതെന്നും ബിസിസിഐ ടീമുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് ആദ്യവാരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇതിന് മുമ്പ് ഏതെങ്കിലും കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ സ്വാഭാവികമായും അവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനാവില്ല.

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ എഐഎഫ്എഫിന്റെ അച്ചടക്ക നടപടി; പിഴയടയ്‌ക്കേണ്ടി വരിക കോടികള്‍

Follow Us:
Download App:
  • android
  • ios