പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇന്‍സൈഡ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുംബൈ: രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയുടെ ടെസ്റ്റ് ടീം നായകസ്ഥാനം (India New Test Captain) ഏറ്റെടുത്തേക്കും. പൂര്‍ണ കായികക്ഷമത കൈവരിച്ച രോഹിത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ (Team India) നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് ടെസ്റ്റ് ടീമിന്റെ നായകലസ്ഥാനം ഏറ്റെടുക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇന്‍സൈഡ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഫിറ്റ്‌നെസ് മാത്രമായിരുന്നു രോഹത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അകറ്റിയിരുന്നു പ്രധാന ഘടകം. ഇടയ്ക്കിടെ പരിക്കേല്‍ക്കുന്ന രോഹിത്തിനെ ടെസ്റ്റ് ടീമിന്റെ നായകനാക്കുന്നത് നല്ലതല്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പരിക്കേറ്റ രണ്ട് മാസത്തെ ഇടവേളയില്‍ താരം എട്ട് കിലോ ശരീരഭാരം കുറച്ചിരുന്നു. മാത്രമല്ല, രോഹിത്തിന് ബിസിസിഐ നല്‍കിയ പ്രധാന നിര്‍ദേശം പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും ഭാരം കുറയ്ക്കാനുമായിരുന്നു. പിന്നാലെ, ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തിയ രോഹിത് നിര്‍ദേശങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ക്യാപ്റ്റനെ പ്രഖ്യാപിക്കും. രോഹിത്തല്ലെങ്കില്‍ രാഹുല്‍ എന്നായിരുന്നു ബിസിസിഐയുടെ മുന്നിലുള്ള മറ്റൊരു സാധ്യത. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയും ഒരു ടെസ്റ്റും രാഹുലാണ് നയിച്ചത്. എന്നാല്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഫലം. റിഷഭ് പന്തും സെലക്റ്റര്‍മാര്‍ക്ക് മുന്നിലുള്ള ഓപ്ഷനായിരുന്നു. എന്നാല്‍, വളരെ ചെറുപ്പമാണെന്നുള്ളത് മുഖവിലയ്‌ക്കെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് വിനയായത് ഓവര്‍സീസ് ടെസ്റ്റ് പരമ്പരകളില്‍ മാത്രമെ ഭാഗമാകുന്നുള്ളുവെന്നതാണ്. അജിന്‍ക്യ രഹാനെ മാറ്റിനിര്‍ത്താന്‍ കാരണം മോശം ബാറ്റിംഗ് പ്രകടനമാണ്. വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ ഒഴിവാക്കാനാണ് സാധ്യത.
ഇതെല്ലാം രോഹിത്തിന് ഗുണം ചെയ്തു. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷമാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. പരമ്പര ഇന്ത്യ 2-1ന് തോറ്റിരുന്നു. പിന്നാലെ കോലി രാജി പ്രഖ്യാപിച്ചു. എന്നാല്‍ ബിസിസിഐക്ക് ആരെ ക്യാപ്റ്റനാക്കുമെന്നുള്ള കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.
