ബംഗളൂരു: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കൗഷിക്കും ബുംറയുമായി സംസാരിച്ചിരുന്നു. എന്‍സിഎയില്‍ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ഇരുവരും ബുംറയെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പകരം ബുംറ സ്വയം ഏര്‍പ്പാടാക്കിയ വിദഗ്ധ സംഘത്തോടൊപ്പം പരിശീലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

പരിക്ക് കാരണം വിശ്രമത്തിലായിരുന്നപ്പോള്‍ സ്വകാര്യ സ്‌പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതാണ് എന്‍സിഎ സംഘത്തെ ചൊടിപ്പിച്ചത്. മാത്രമല്ല, താരം എന്‍സിഎയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്‍സിഎയെ കുറിച്ച് മറ്റ് സീനിയര്‍ താരങ്ങള്‍ക്കുള്ള അഭിപ്രായവും അത്ര നല്ലതായിരുന്നില്ല. ഇക്കാരണം കൊണ്ടാണ് താരം സ്വയം പരിശീലക സംഘത്തെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ദ്രാവിഡോ ബുംറയോ മാധ്യങ്ങളോട് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിശാഖപ്പട്ടണം ഏകദിനത്തിന് തലേന്ന് ഇന്ത്യന്‍ നെറ്റ്‌സില്‍ പന്തെറിയാനെത്തിയ ബുംറ, ന്യൂസിലന്‍ഡ് പര്യടനത്തില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.