സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് 14ന് തുടക്കമാവും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്തകാലത്ത് താരതമ്യേന ചെറിയ ടീമുകളെ മാത്രം നേരിട്ട ഇന്ത്യക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഓസ്‌ട്രേലിയ. പേസര്‍ക്കാര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കാത്ത ഇന്ത്യന്‍ പിച്ചുകളില്‍ വിദേശ ബൗളര്‍മാര്‍ വിയര്‍ക്കാറുണ്ട്. ഇതിനിടെ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍.

ഇന്ത്യയില്‍ കളിക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് താരം പറയുന്നത്. റിച്ചാര്‍ഡ്‌സണിന്റെ വാക്കുകളിലേക്ക്... ''ഇന്ത്യയില്‍ വന്ന് ഇന്ത്യക്കെതിരെ കളിക്കുകയെന്നത് ഏതൊരു ടീമിനും കടുത്ത വെല്ലുവിളിയാണ്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ഇന്ത്യന്‍ പിച്ചുകള്‍. എന്നാല്‍ ഏത് വെല്ലുവിളിയും മറികടക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ഓസീസ് ടീമിനുണ്ട്. 

ഇന്ത്യയെ മറികടക്കാനുള്ള പദ്ധതികള്‍ ഓസീസ് ടീമിന്റെ കൈകളിലുണ്ട്. കഴിഞ്ഞ തവണ ഇന്ത്യയില്‍ പരമ്പര നേടിയതും ഓര്‍ക്കണം. തുടര്‍ച്ചയായി പരമ്പര നേടാന്‍ സാധിച്ചാല്‍ അത് ഓസീസ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.'' റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞുനിര്‍ത്തി.

മുംബൈയിലാണ് ഇന്ത്യ- ഓസീസ് ആദ്യ ഏകദിനം. നാല് പേസര്‍മാരുമായിട്ടാണ് ഓസ്‌ട്രേലിയ എത്തുന്നത്. റിച്ചാര്‍ഡ്‌സണിന് പുറമെ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പേസര്‍മാര്‍.