2019 നവംബറിന് ശേഷം സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിൽ നിറം മങ്ങിയ കോലി ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും തീർത്തും നിരാശപ്പെടുത്തിയിരുന്നു
ദില്ലി: ഫോം വീണ്ടെടുക്കാൻ പ്രയാസപ്പെടുന്ന ഇന്ത്യന്‍ ബാറ്റിംഗ് വിസ്‌മയം വിരാട് കോലിക്ക്(Virat Kohli) പിന്തുണയുമായി റിക്കി പോണ്ടിംഗ്(Ricky Ponting). ഇന്ത്യൻ ടീം(Team India) കോലിക്ക് പിന്തുണ നൽകണമെന്ന് ഓസ്ട്രേലിയയുടെ മുൻനായകൻ അഭിപ്രായപ്പെട്ടു. വിരാട് കോലിയില്ലാത്ത ഇന്ത്യന്‍ ടീമിനെക്കാള്‍ ഭയക്കേണ്ടത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെയാണെന്ന് ബാറ്റിംഗ് ഇതിഹാസം കൂടിയായ റിക്കി പോണ്ടിംഗ് വ്യക്തമാക്കി.
നല്ല തുടക്കം കിട്ടിയ ഇന്നിംഗ്സുകളിൽപ്പോലും വിരാട് കോലി തുടർച്ചയായി നിരാശപ്പെടുത്തുകയാണ്. 2019 നവംബറിന് ശേഷം സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിൽ നിറം മങ്ങിയ കോലി ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇതോടെയാണ് കോലിക്കെതിരെ വിമർശനം ശക്തമായത്. ഫോം വീണ്ടെടുക്കുംവരെ കോലി മാറിനിൽക്കണമെന്നും മുൻ ക്യാപ്റ്റന് വിശ്രമം നൽകണമെന്നും ആവശ്യമുയർന്നു. ഇതിനിടെയാണ് കോലിക്ക് പൂർണ പിന്തുണയുമായി റിക്കി പോണ്ടിംഗ് രംഗത്ത് എത്തിയത്. ടീം ഇന്ത്യ കോലിക്ക് പൂർണ പിന്തുണ നൽകണമെന്ന് പോണ്ടിംഗ് ആവശ്യപ്പെട്ടു.
ഇംഗ്ലണ്ടിൽ ക്രീസിലെത്തിയ ആറ് ഇന്നിംഗ്സിൽ വിരാട് കോലിക്ക് നേടാനായത് 76 റൺസ് മാത്രമായിരുന്നു. 20 റൺസാണ് ഉയർന്ന സ്കോർ. ഈയാഴ്ച തുടങ്ങുന്ന വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് കോലിയെ ഒഴിവാക്കിയിട്ടുണ്ട്. ലണ്ടനില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ് കോലി. ഏഷ്യാ കപ്പിലാകുമോ അതോ സിംബാബ്‌വെ പര്യടനത്തിലാവുമോ കോലി ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്തുക എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ സജീവമാണ്.
2019 നവംബര്‍ 23നാണ് കോലി രാജ്യാന്തര ക്രിക്കറ്റില്‍ തന്‍റെ അവസാന സെഞ്ചുറി നേടിയത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ ബാറ്റ് അവസാനമായി 100 കണ്ടെത്തിയത്. അന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സായ 136 റണ്‍സ് കോലി സ്വന്തമാക്കി. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന എട്ട് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16, 17 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. അവസാന സെഞ്ചുറിക്ക് ശേഷം മൂന്ന് ഫോര്‍മാറ്റുകളിലുമായി 2537 റണ്‍സ് കോലി നേടിയപ്പോള്‍ 24 അര്‍ധ സെഞ്ചുറികള്‍ പിറന്നു. എന്നാല്‍ ഒരിക്കല്‍ പോലും മൂന്നക്കത്തിലേക്ക് എത്താനായില്ല.
മുപ്പത്തിമൂന്നുകാരനായ വിരാട് കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്. 30 വയസിനുള്ളില്‍ തന്നെ ഇതിഹാസമായി വാഴ്‌ത്തപ്പെട്ടിട്ടും കോലിയുടെ ബാറ്റിന് പിഴയ്‌ക്കുകയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി. ഇതോടെയാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെയുള്ള ആവശ്യം ശക്തമായത്.
'വേണം വിരാട് കോലി ടി20 ലോകകപ്പ് ടീമില്‍'; കാരണം സഹിതം ആവശ്യമുയര്‍ത്തി സയ്യിദ് കിര്‍മാനി
