സിഡ്നി: ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് തെരഞ്ഞെടുത്ത ഈ ദശകത്തിലെ  ടെസ്റ്റ് ടീമിന്റെ നായകനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. എന്നാല്‍ കോലി നായകനാണെങ്കിലും പോണ്ടിംഗിന്റെ ടെസ്റ്റ് ടീമില്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മറ്റ് താരങ്ങളാരുമില്ലാത്തത് ആരാധകരെ ചൊടിപ്പിച്ചു.

പോണ്ടിംഗിന്റെ ദശകത്തിലെ ടെസ്റ്റ് ടീമിലെ ഏഴ് താരങ്ങള്‍ ഐസിസി റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഓസ്ടേലിയന്‍ ടീമില്‍ നിന്നാണ്. നാലു പേര്‍ ഇംഗ്ലണ്ടില്‍ നിന്നും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും പോണ്ടിംഗിന്റെ ടീമില്‍ ഇടം നേടി.

ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കുമാണ് പോണ്ടിംഗിന്റെ ടീമിന്റെ ഓപ്പണര്‍മാര്‍. വണ്‍ ഡൗണായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ എത്തുമ്പോള്‍ കോലിയിറങ്ങുന്ന നാലാം നമ്പറില്‍ സ്റ്റീവ് സ്മിത്താണ്. അഞ്ചാം നമ്പറിലാണ് ക്യാപ്റ്റന്‍ കോലി ഇറങ്ങുന്നത്. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.

ബെന്‍ സ്റ്റോക്സ് ഓള്‍ റൗണ്ടറായി ടീമിലെത്തിയപ്പോള്‍ പേസര്‍മാരായി ഡെയ്ല്‍ സ്റ്റെയിന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരാണ്. ഈ ദശകത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത അശ്വിനല്ല പോണ്ടിംഗിന്റെ ടീമിലെ ഏക സ്പിന്നര്‍ എന്നതും ശ്രദ്ധേയമായി.ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണാണ് ടീമിലെ ഏക സ്പിന്നര്‍.