ഇരുവരും 59 വിക്കറ്റുകളാണ് കൊയ്‌തെടുത്തത്. നാല് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റാണ് അശ്വിനെടുത്തത്. ഒരു മത്സരം കുറച്ച് കളിച്ച അക്‌സര്‍ 27 വിക്കറ്റുകളും സ്വന്തമാക്കി. 

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പമ്പരയില്‍ ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും വിക്കറ്റുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഏറെ സന്തോഷിച്ച ഒരു ഐപിഎല്‍ ടീം ഡല്‍ഹി കാപിറ്റല്‍സായിരിക്കും. അതിന്റെ കാരണം രണ്ട് താരങ്ങളും ഡല്‍ഹി കാപിറ്റല്‍സിനാണ് കളിക്കുന്നത് എന്നുള്ളതുകൊണ്ടാണ്. ഇരുവരും 59 വിക്കറ്റുകളാണ് കൊയ്‌തെടുത്തത്. നാല് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റാണ് അശ്വിനെടുത്തത്. ഒരു മത്സരം കുറച്ച് കളിച്ച അക്‌സര്‍ 27 വിക്കറ്റുകളും സ്വന്തമാക്കി.

ഇപ്പോള്‍ ഇരുവരുടേയും വിക്കറ്റ് വേട്ടയെ കുറിച്ച് സംസാരിക്കുകയാണ് ഡല്‍ഹി കാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. ടീമിനൊപ്പം ചേരുന്നതിന്റെ ആകാംക്ഷയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. പോണ്ടിംഗിന്റെ വാക്കുകള്‍... ''പുതിയ ഐപിഎല്‍ സീസണിനായി ഡല്‍ഹി കാപിറ്റല്‍സിനോടൊപ്പം ചേരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനേതിരായ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം അശ്വിന്റേയും അക്‌സറിന്റേയും പന്തുകള്‍ ഇനിയും വിക്കറ്റുകള്‍ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പന്ത് കൂടുതല്‍ റണ്‍സ് നേടുമെന്നും കരുതുന്നു.'' പോണ്ടിംഗ് ട്വിറ്ററില്‍ കുറിച്ചിട്ടു. 

ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ പ്രകടനവും ഇന്ത്യയുടെ പരന്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 270 റണ്‍സാണ് പന്ത് നേടിയത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിയില്‍ മൂന്നാം സ്ഥാനത്താണ് പന്ത്.

ഏപ്രില്‍ ഒന്‍പതിനാണ് ഐപിഎല്‍ പതിനാലാം സീസണ് തുടക്കമാവുക. ഉദ്ഘാടനമത്സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവിലെ ചാന്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും.