പാകിസ്ഥാന്‍ ടീമില്‍ പലതും ചീഞ്ഞുനാറുന്നു! ഏഷ്യാ കപ്പ് തോല്‍വിക്ക് പിന്നാലെ ബാബറും ഷഹീനും നേര്‍ക്കുനേര്‍
മോശം പ്രകടനത്തിന്റെ പേരില്‍ കളിക്കാരെ കുറ്റപെടുത്തുന്നതിനിടെ നന്നായി ബാറ്റ് ചെയ്തവരെയും ബൗള്‍ ചെയ്തവരെയും പറ്റി നല്ലതുപറയാന്‍ ഷഹീന്‍ ബാബറിനോട് ആവശ്യപെട്ടു.

ഇസ്ലാമാബാദ്: ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്തായിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പാകിസ്ഥാനാ് ജയിക്കാനായത്. ഇന്ത്യ, ശ്രീലങ്ക എന്നിവരോട് ബാബര്‍ അസമും സംഘവും പരാജയപ്പെടുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാന് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ടൂര്‍ണമെന്റായിരുന്നു ഏഷ്യാ കപ്പ്. എന്നാല്‍ ഫൈനലിലേക്ക് മുന്നേറാന്‍ സാധിച്ചില്ല. മാത്രമല്ല പ്രധാന പേസര്‍മാരായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇപ്പോള്‍ മറ്റൊരു നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തോല്‍വിക്ക് ശേഷം പാക് ക്യാംപില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാക് പേസര്‍ ഷഹീന്‍ അഫ്രീദി ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ തിരിയുകയായിരുന്നു. തോല്‍വിക്ക് ശേഷം ബാബര്‍ താരങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഷഹീന്‍ ഇടപെടുകയും എതിരഭിപ്രായം പറയുകയും ചെയ്തു.
മോശം പ്രകടനത്തിന്റെ പേരില്‍ കളിക്കാരെ കുറ്റപെടുത്തുന്നതിനിടെ നന്നായി ബാറ്റ് ചെയ്തവരെയും ബൗള്‍ ചെയ്തവരെയും പറ്റി നല്ലതുപറയാന്‍ ഷഹീന്‍ ബാബറിനോട് ആവശ്യപെട്ടു. ആരൊക്കെ നന്നായി കളിച്ചുവെന്ന് തനിക്ക് അറിയാമെന്നായിരുന്നു ബാബറിന്റെ മറുപടി. വാക്കുതര്‍ക്കം കടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഇടപെടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകയായിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകളോട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡോ കളിക്കാരോ ഇതുവരെ പ്രതികരിചിട്ടില്ല.
തോല്‍വിക്ക് പിന്നാലെ ബാബറിനെതിരെ ഒരുകൂട്ടം പാകിസ്ഥാന്‍ ആരാധകര്‍ ബാബറിനെ തിരിഞ്ഞിട്ടുണ്ട്. ഷഹീനെ ക്യാപ്റ്റനാക്കണമെന്നാണ് അവരുടെ വാദം. അതിന് പിന്നാലെയാണ് ഇരുവരും തര്‍ക്കമുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഹാരിസ്, നസീം ഷാ എന്നിവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല. ഹാരിസ് ലോകകപ്പിന് മുമ്പ് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്ന് ബാബര്‍ വ്യക്തമാക്കിയിരുന്നു. നസീമിന് ലോകകപ്പില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമായേക്കും.