ഇന്ത്യക്ക് ഒന്നാമതെത്താന്‍ വേണ്ടിയിരുന്നത് 116 പോയിന്റായിരുന്നു. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് കേറാമായിരുന്നു.
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഇന്ത്യക്ക് നഷ്ടമായത് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്താനുള്ള അവസരം. മാത്രമല്ല, മത്സരത്തിന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ രണ്ടാംസ്ഥാനം നഷ്ടമാവുകയും ചെയ്തു. പാകിസ്ഥാന്‍ രണ്ടാമതായി. രോഹിത് ശര്‍മയും സംഘവും മൂന്നാം സ്ഥാനത്തേക്കിറങ്ങി. 115 പോയിന്റുള്ള ഓസ്ട്രേലിയയാണ് ഒന്നാമത്. ഇത്രയും പോയിന്റ് പാകിസ്ഥാനുണ്ടെങ്കിലും നേരിയ വ്യത്യാസത്തില്‍ രണ്ടാമതാണ് ടീം.
ഇന്ത്യക്ക് ഒന്നാമതെത്താന്‍ വേണ്ടിയിരുന്നത് 116 പോയിന്റായിരുന്നു. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് കേറാമായിരുന്നു. മാത്രമല്ല, ഓസ്ട്രേലിയ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി എല്ലാം താളം തെറ്റിച്ചു. ഓസീസ് തോറ്റതോടെ മൂന്ന് പോയിന്റ് അവര്‍ക്കും നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ മുമ്പ് 118 പോയിന്റുണ്ടായിരുന്നു ഓസീസിന്.
ഓസീസിന് ഇപ്പോള്‍ 115.259 പോയിന്റാണുള്ളത്. പാകിസ്ഥാന് 114.889 പോയിന്റും. ഇന്ത്യക്ക് ഇനി ഏഷ്യാ കപ്പ് ജയിച്ചാല്‍ പോലും ഒന്നാമതെത്താന്‍ സാധിക്കില്ല. ദക്ഷിണാഫ്രിക്കയോട്, ഓസീസ് തോറ്റാലും ഇന്ത്യക്ക് ഒന്നാമെത്താമെന്നുള്ള പ്രതീക്ഷ വേണ്ട. അതേസമയം, ഓസീസ് തോല്‍ക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ ഒന്നാമതെത്താം. പിന്നീട് നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയിലെ ഫലങ്ങളെ അനുസരിച്ചിരിക്കും ഒന്നാം സ്ഥാനം.
ബംഗ്ലാദേശിനെതിരെ ആറ് റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയത്. 85 പന്തില്‍ 80 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനൊഴികെ (121) ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റെടുത്തു. തന്‍സിം ഹസന്‍ ശാക്കിബിന് രണ്ട് വിക്കറ്റുണ്ട്.
