സീസണില്‍ 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച റിങ്കു സിംഗ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ജയത്തിലേക്ക് 29 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ച് സിക്സുകള്‍ പായിച്ച് ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയും ചെയ്തു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിലെത്തിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിലും ആന്ദ്രെ റസലും സുനില്‍ നരെയ്നനും അടക്കമുള്ള വമ്പന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയിട്ടും ആറ് ജയങ്ങളുമായി കൊല്‍ക്കത്ത സീസണില്‍ മികവ് കാട്ടിയതിന് കാരണം മധ്യനിരയില്‍ റിങ്കു സിംഗെന്ന യുവതാരത്തിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.
സീസണില്‍ 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച റിങ്കു സിംഗ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ജയത്തിലേക്ക് 29 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ച് സിക്സുകള്‍ പായിച്ച് ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയും ചെയ്തു. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ടീമിലെത്താനുളള സാധ്യതയും റിങ്കു സജീവമാക്കി.
ഇതിനിടെ ഇന്നലെ ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കാനെത്തി കൊല്‍ക്കത്ത ടീം സഹട ഉമടയായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനോട് റിങ്കു സിംഗ് എന്ന പയ്യനെക്കുറിച്ച് പറയൂവെന്ന് ശ്രേയസ് ആര്യന്‍ എന്ന ആരാധകന്‍ ചോദിച്ചു. എന്നാല്‍ റിങ്കു പയ്യനല്ല അച്ഛനാണെന്നായിരുന്നു കിംഗ് ഖാന്‍റെ തഗ് മറുപടി. ഇന്നലെയാണ് ട്വിറ്ററില്‍ ഷാരൂഖ് ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്.
ഗുജറാത്തിനെതിരായ മത്സരശേഷം ഷാരുഖ് ഖാൻ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്ന് റിങ്കു ഐപിഎല്ലിനിടെ പറഞ്ഞിരുന്നു. തന്‍റെ വിവാഹത്തിന് പങ്കെടുക്കാൻ വരുമെന്ന് കിംഗ് ഖാന്‍ ഉറപ്പു നല്‍കിയെന്നും റിങ്കും വെളിപ്പെടുത്തിയിരുന്നു. ആളുകള്‍ വിവാഹങ്ങള്‍ക്ക് എന്നെ വിളിക്കാറുണ്ട്, പക്ഷേ പോകാറില്ല. എന്നാല്‍, നിന്‍റെ വിവാഹത്തിന് വരുമെന്നും ഡാൻസ് കളിക്കുമെന്നും ഷാരുഖ് ഖാൻ പറഞ്ഞുവെന്നായിരുന്നു റിങ്കു സിംഗ് അന്ന് പറഞ്ഞത്.
