സര്‍ഫറാസിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണം, കഴിഞ്ഞ രഞ്ജി സീസണില്‍ ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയശേഷം സെലക്ടര്‍മാര്‍ക്ക് നേരെ വിരല്‍ചൂണ്ടി ആഘോഷിച്ചതാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ തന്നെ പറയുന്നത്.
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടും മുംബൈ യുവതാരം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തത് ആരാധകരെ നിരാശരാക്കുകയാണ്. ഇതിനിടെ പ്രകടനമല്ല, കളിക്കളത്തിന് പുറത്തെ പെരുമാറ്റവും ശാരീരികക്ഷമത ഇല്ലാത്തതുമാണ് സര്‍ഫറാസിനെ തുടര്‍ച്ചയായി അവഗണിക്കാന്‍ കാരണമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്നലെ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐപിഎല്ലില്‍ പേസ് ബൗളര്‍മാരെ നേരിടുമ്പോള്‍ പതറിയതും സര്‍ഫറാസിന് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
സര്‍ഫറാസിന്‍റെ തടിച്ച ശരീരപ്രകൃതിയാണ് ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമെങ്കില്‍ മോഡലിംഗ് താരങ്ങളെ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിച്ചാല്‍ പോരെയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ തന്നെ മുമ്പ് വിമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ഫറാസിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണം, കഴിഞ്ഞ രഞ്ജി സീസണില്‍ ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയശേഷം സെലക്ടര്‍മാര്‍ക്ക് നേരെ വിരല്‍ചൂണ്ടി ആഘോഷിച്ചതാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ തന്നെ പറയുന്നത്.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ചേതന്‍ ശര്‍മയും ആ മത്സരം കാണാനെത്തിയിരുന്നു. ഡല്‍ഹിക്കെതിരെ സെഞ്ചുറി നേടിയശേഷം സര്‍ഫറാസ് വിരല്‍ ചൂണ്ടി ആഘോഷിച്ചത് ചേതന്‍ ശര്‍മക്ക് നേരെയായിരുന്നു. അന്തരിച്ച ഗായകന്‍ സിദ്ദു മൂസേവാലയുടെ ശൈലിയില്‍ തുടയിലടിച്ച് വിരല്‍ ചൂണ്ടിയായിരുന്നു സര്‍ഫറാസ് സെഞ്ചുറി ആഘോഷിച്ചത്.
ഈ പെരുമാറ്റമാണാണ് സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അടച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ടീമില്‍ സ്ഥാനം ആഗ്രഹിക്കുന്ന പല കളിക്കാരും തന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകരാണെന്ന ചേതന്‍ ശര്‍മയുടെ ഒളി ക്യാമറയിലെ വെളിപ്പെടുത്തല്‍ പിന്നീട് വിവാദമാവുകയും ചേതന്‍ ശര്‍മക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
എന്നാല്‍ ചേതന്‍ ശര്‍മക്ക് പകരം ആരെയും മുഖ്യ സെലക്ടറായി ബിസിസഐ ഇതുവരെ നിയമിച്ചിരുന്നില്ല. ശര്‍മക്ക് പകരം സീനിയര്‍ അംഗമായ ശിവ് സുന്ദര്‍ ദാസായിരുന്നു ഇതുവരെ സെലക്ഷന്‍ കമ്മിറ്റിയുടെ താല്‍ക്കാലിക ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ചേതന്‍ ശര്‍മക്ക് പകരക്കാരനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ചേതന്‍ ശര്‍മയുടെ വിരോധവും സര്‍ഫറാസിന് വിനയായി എന്നാണ് കരുതുന്നത്.
സർഫറാസ് ഖാനെ ടീമിലെടുക്കാത്തതിന്‍റെ കാരണം സെലക്ടറെ ചൊടിപ്പിച്ച ആഘോഷം! വെളിപ്പെടുത്തല്‍
2019-2020 രഞ്ജി സീസണില്‍ 154 റണ്‍സ് ശരാശരിയില്‍ 928 റണ്‍സും അടുത്ത സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും അടിച്ച സര്‍ഫറാസ് 2022-23 സീസണില്‍ മൂന്ന് സെഞ്ചുറി അടക്കം 556 റണ്‍സ് നേടി. കഴിഞ്ഞ മൂന്ന് സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച 35 മത്സരങ്ങളില്‍ 13 സെഞ്ചുറി അടക്കം 79.65 ശരാശരിയില്‍ 3505 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്.
