കരളിലെ ക്യാൻസറിനോട് പോരാടിയ റിങ്കുവിന്‍റെ പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ യഥാർത്ഥ് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.

കൊല്‍ക്കത്ത: പിതാവിന്‍റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിംഗ് ഇന്ന് കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരും. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായാണ് താരം കൊല്‍ക്കത്തയിലെത്തുകയെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കരളിലെ ക്യാൻസറിനോട് പോരാടിയ റിങ്കുവിന്‍റെ പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ യഥാർത്ഥ് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽ നിന്നും തന്‍റെ ജന്മനാടായ അലിഗഡിലേക്ക് തിരിച്ച റിങ്കു, സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ വീണ്ടും ടീമിനൊപ്പം ചേരുന്നത്. പിതാവിന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വിങ്ങിപ്പൊട്ടുന്ന റിങ്കുവിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കണ്ണ് നിറച്ചിരുന്നു. കടുത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

Scroll to load tweet…

ലോകകപ്പ് ആവേശത്തിനിടയിൽ അപ്രതീക്ഷിതമായാണ് റിങ്കുവിനെ തേടി ദുരന്തമെത്തിയത്. ഇതിന് മുൻപും പിതാവിന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് താരം ടീമിൽ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരുന്നു. നില മെച്ചപ്പെട്ടതിനെ തുടർന്ന് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ ആദ്ദേഹം മരണത്തിന് കീഴടങ്ങി.

റിങ്കുവിന്‍റെ അസാന്നിധ്യത്തിൽ സിംബാബ്‌വെക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ, അക്സർ പട്ടേൽ എന്നിവരെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തിയിരുന്നു. സഞ്ജു ഓപ്പണറായി തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷൻ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറങ്ങി. തിലക് വർമ്മ റിങ്കുവിന്‍റെ സ്ഥാനത്ത് ഫിനിഷറുടെ റോളും ഏറ്റെടുത്തു.

Scroll to load tweet…

27-കാരനായ റിങ്കു നാളെ ടീമിനൊപ്പം ചേരുമെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പിതാവിന്‍റെ വിയോഗമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും താരം പൂർണ്ണമായും മുക്തനാകാത്തതിനാൽ ടീം മാനേജ്‌മെന്‍റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ക്രിക്കറ്റ് ലോകത്തെ പ്രമുഖരും ആരാധകരും റിങ്കുവിനും കുടുംബത്തിനും അനുശോചനമറിയിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിനായി കളിക്കാൻ മടങ്ങിയെത്തുന്ന താരത്തിന്റെ തീരുമാനത്തെ ഏവരും പ്രശംസിക്കുകയാണ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക