ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലും റിഷഭ് പന്തും മത്സരിക്കുന്നു. രോഹിത് ശർമയുടെ വിരമിക്കലിനെ തുടർന്നാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം. സെലക്ടർമാർ ഇരുവരുമായും ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഇപ്പോഴും തീരുമാനമാവാതെ കിടക്കുന്നു. സ്‌കൈ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുമായി ഇന്ത്യന്‍ സെലക്ടര്‍മാര്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ഉള്‍കൊണ്ടിട്ടില്ല. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം വന്നത്. ജൂണ്‍ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നായകനെ കണ്ടെത്തേണ്ടതുണ്ട്. 

ഈ ആഴ്ച ഇന്ത്യ പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജസ്പ്രീത് ബുമ്ര നായക സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റുകളും കളിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ബുമ്ര വ്യക്തമാക്കിയിരുന്നു. പിന്നീട് ഗില്‍, പന്ത് എന്നിവര്‍ക്കായി മുന്‍ഗണന. കാര്യങ്ങള്‍ ഇരുവരിലേക്കുമാണ് നീളുന്നതെങ്കിലും സെലക്ഷന്‍ കമ്മിറ്റിയില്‍ ഇരുവരുടെയും കാര്യത്തില്‍ ഭിന്നത തുടരുകയാണ്. ടെസ്റ്റ് ടീമില്‍ ഗില്ലിന് ഇതുവരെ സ്ഥാനം ഉറച്ചിട്ടില്ലാത്തതിനാല്‍ സെലക്ടര്‍മാരില്‍ ഒരാള്‍ക്ക് അതൃപ്തിയുണ്ട്. 

25 കാരനായ വൈസ് ക്യാപ്റ്റനാകുന്നത് നിലവില്‍ അദ്ദേഹത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായമുണ്ടായിരുന്നു. 38 കാരനായ രോഹിത് പര്യടനത്തിനുള്ള ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പരമ്പരയുടെ മധ്യത്തില്‍ വിരമിക്കാനാണ് ലക്ഷ്യമിട്ടതെന്നും വാര്‍ത്തകളുണ്ടായിരുന്നു. 2014 ല്‍ എം.എസ്. ധോണി വിരാട് കോഹ്ലിക്ക് നിയന്ത്രണം കൈമാറിയതുപോലെ. എന്നിരുന്നാലും, ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സ്ഥിരത വേണമെന്ന് സെലക്ടര്‍മാര്‍ ആഗ്രഹിച്ചു.

രോഹിതിന് ടീമിന്റെ ഭാഗമാക്കാമെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു, പക്ഷേ ക്യാപ്റ്റനാകില്ലെന്ന് അറിയിച്ചു. ഇതോടെ 38 കാരനായ രോഹിത് ഉടന്‍ തന്നെ ക്രിക്കറ്റിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രോഹിതിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.