ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് ഇത്തവണ കരുതലോടെയാണ് തുടങ്ങിയത്. കുറ്റനടിക്ക് മുതിരാതെ സിംഗിളുകളിലൂടെ സ്കോര്‍ ഉയര്‍ത്താനാണ് ഗില്ലും പന്തും ശ്രമിച്ചത്.
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്നാം സെഷനില്‍ ബാറ്റിംഗ് തകര്‍ച്ച. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന മികച്ച നിലയില്‍ ചായക്ക് പിരിഞ്ഞ ഇന്ത്യക്ക് അവസാന സെഷനില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. നിലയുറപ്പിച്ചെന്ന് കരുതിയ റിഷഭ് പന്തിന്‍റെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വിക്കറ്റുകളാണ് അവസാന സെഷനില്‍ നഷ്ടമായത്. ഇംഗ്ലണ്ടിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന നിലയിലാണ്. 83 റൺസുമായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും 29 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസില്‍. 25 റൺസെടുത്ത റിഷഭ് പന്തിന്‍റെയും ഒരു റണ്ണെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന സെഷനിലെ ആദ്യ മണിക്കൂറില്‍ നഷ്ടമായത്.
കരുതലോടെ തുടങ്ങി വീണ്ടും കളഞ്ഞു കുളിച്ചു
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും ജയ്സ്വാളും കരുതലോടെയാണ് തുടങ്ങിയത്. പിച്ചില്‍ നിന്ന് ആദ്യ മണിക്കൂറില്‍ പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ലെങ്കിലും രാഹുല്‍ അമിതപ്രതിരോധത്തിലേക്ക് വലിഞ്ഞു. മറുവശത്ത് മോശം പന്തുകള്‍ തെരഞ്ഞെടുത്ത് ജയ്സ്വാള്‍ ബൗണ്ടറികള്‍ നേടി. എന്നാല്‍ ഒമ്പതാം ഓവറില്‍ ക്രിസ് വോക്സിന്‍റെ പന്ത് പ്രതിരോധിച്ച രാഹുലിന് പിഴച്ചു. ബാറ്റുകൊണ്ട് പ്രതിരോധിച്ച പന്ത് ബെയ്ല്‍സിളക്കി. 26 പന്തില്‍ രണ്ട് റണ്‍സായിരുന്നു രാഹുലിന്‍റെ നേട്ടം.
മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങിയ കരുണ്‍ നായര്‍ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത് മോശം പന്തുകള്‍ തെരഞ്ഞെുപിടിച്ച് അതിര്‍ത്തി കടത്തി കരുണും പതിഞ്ഞ തുടക്കത്തിനുശേഷം ആത്മവിശ്വാസം വീണ്ടെടുത്ത ജയ്സ്വാളും ചേര്‍ന്ന് ആദ്യ മണിക്കൂറില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 50 കടത്തി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കാന്‍ ഇംഗ്ലണ്ട് ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ലഞ്ചിന് തൊട്ടു മുമ്പുള്ള ഓവറില്‍ ബ്രെയ്ഡന്‍ കാര്‍സാണ് കരുണിനെ വീഴ്ത്തി 80 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ച് ബൗണ്ടറികളടക്കം 50 പന്തിലാണ് കരുണ്‍ 31 റണ്‍സ് നേടിയത്. ഗുഡ് ലെങ്ത്തില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച കരുണിനെ സ്ലിപ്പില്‍ ഹാരി ബ്രൂക്ക് പിടികൂടി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയുടെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി.
കരുത്തായി ഗില്‍ -ജയ്സ്വാള്‍ സഖ്യം
കരുണ്‍ നായരെ നഷ്ടമായശേഷം രണ്ടാം സെഷനില്‍ ജയ്സ്വാളും ഗില്ലും കൂടുതല്‍ കരുതലെടുത്തു. ഇതിനിടെ ഗില്‍ ശക്തമായ എല്‍ബിഡബ്ല്യൂ അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ടാം സെഷനില്‍ ബൗണ്ടറികള്‍ കുറഞ്ഞെങ്കിലും സിംഗിളുകളിലൂടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാണ് ഗില്‍-ജയ്സ്വാള്‍ സഖ്യം ശ്രമിച്ചത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്ക് ജയ്സ്വാള്‍ നീങ്ങുമെന്ന് കരുതിയിരിക്കെയാണ് ബൗളിംഗ് മാറ്റമായി ബെന്‍ സ്റ്റോക്സ് പന്തെറിയാനെത്തിയത്.
തന്‍റെ ആദ്യ പന്തില്‍ തന്നെ ജയ്സ്വാളാനെ സ്റ്റോക്സ് വിക്കറ്റിന് പിന്നില്‍ ജാമി സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റോക്സിന്‍റെ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ജയ്സ്വാളിന്‍റെ ബാറ്റിൽ അണ്ടര്‍ എഡ്ജ് ചെയ്ത പന്താണ് സ്മിത്ത് കൈയിലൊതുക്കിയത്. മൂന്നാം വിക്കറ്റില്‍ ഗില്‍-ജയ്സ്വാള്‍ സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ലഞ്ചിന് മുമ്പ് 62 റൺസെടുത്തിരുന്ന ജയ്സ്വാള്‍ രണ്ടാം സെഷനില്‍ 25 റണ്‍സ് മാത്രമാണ് നേടിയത്.
പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തി പന്ത്
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് ഇത്തവണ കരുതലോടെയാണ് തുടങ്ങിയത്. കുറ്റനടിക്ക് മുതിരാതെ സിംഗിളുകളിലൂടെ സ്കോര്‍ ഉയര്‍ത്താനാണ് ഗില്ലും പന്തും ശ്രമിച്ചത്. ഇതിനിടെ ഷൊയ്ബ് ബഷീറിനെ ഫ്രണ്ട് ഫൂട്ടില്‍ ചാടിയിറങ്ങി സിക്സിന് തൂക്കിയെങ്കിലും പിന്നീട് കരുതലോടെ നേരിട്ടു. എന്നാല്‍ അവസാന സെഷനില്‍ ബഷീറിനെ വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമം ബെന്‍ സ്റ്റോക്സ് ഒരുക്കിയ കെണിയില്‍ അവസാനിച്ചു. 25 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയ പന്തിനെ ബഷീറിന്‍റെ പന്തില്‍ ലോംഗ് ഓണില്‍ സാക്ക് ക്രോളി കൈയിലൊതുക്കി. പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ആറ് പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. ഒരു റണ്‍സെടുത്ത നിതീഷിനെ ക്രിസ് വോക്സ് ബൗള്‍ഡാക്കി. ഇതോടെ 208-3ല്‍ നിന്ന് ഇന്ത്യ 211-5ലേക്ക് വീണെങ്കിലും ജഡേജയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി.
നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്‍ശന് പകരം നീതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.


